Site iconSite icon Janayugom Online

ഗാസ സംഘര്‍ഷത്തില്‍ പ്രമേയം അംഗീകരിച്ച് യുഎന്‍

ഗാസ മുനമ്പിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയും കൗണ്‍സിലിലെ സ്ഥിരാംഗവുമായ യുഎസിന്റ വീറ്റോ ഒഴിവാക്കാന്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ കൗണ്‍സില്‍ പരാജയപ്പെട്ടു. യുഎസ് ആവശ്യപ്രകാരം വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പ്രമേയം വോട്ടെടുപ്പിനിട്ടത്. 

13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎഇ ആണ് പ്രമേയം അവതരിപ്പിച്ചത്. ഗാസ മുനമ്പില്‍ ഉടനടി സുരക്ഷിതവും തടസമില്ലാതെയും മാനുഷിക സഹായം എത്തിക്കാന്‍ സാധിക്കണം. ഈ പ്രക്രിയ സുഗമമായി നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായ വിതരണം വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന യുഎൻ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കാൻ കോർഡിനേറ്ററെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്തെങ്കിലും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നില്ല. 

കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒരാളായ റഷ്യ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരടിലേക്ക് മടങ്ങുന്നതിനുള്ള ഒരു ഭേദഗതി അവതരിപ്പിച്ചിരുന്നു. ഭേദഗതി യുഎസ് വീറ്റോ ചെയ്തതിന് പിന്നാലെയായിരുന്നു പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. റഷ്യ അവതരിപ്പിച്ച പ്രമേയം 10 പേര്‍ അനുകൂലിച്ചപ്പോള്‍ യുഎസ് എതിര്‍ക്കുകയും നാല് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട രണ്ട് പ്രമേയങ്ങള്‍ യുഎസ് വീറ്റോ ചെയ്തിരുന്നു. 

അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടാത്ത പ്രമേയം അപാര്യപ്തമാണെന്ന് ഹമാസ് പ്രതികരിച്ചു. ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നടത്തിയെടുക്കുക എന്ന പ്രിയപ്പെട്ട തന്ത്രമാണ് പ്രമേയത്തിലും യുഎസ് പ്രയോഗിച്ചിരിക്കുന്നതെന്ന് യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സ്യ കുറ്റപ്പെടുത്തി. സഹായം എത്തിക്കുന്നതിലെ യഥാർത്ഥ പ്രശ്നം ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണമാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നാൽ ഗാസയിൽ പട്ടിണി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

Eng­lish Summary;The UN adopt­ed a res­o­lu­tion on the Gaza conflict
You may also like this video

Exit mobile version