ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയും തുര്‍ക്കിയ പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസും കൂടിക്കാഴ്ച നടത്തി. ഉക്രെയ്‍നില്‍ നിന്നുള്ള ധാന്യക്കയറ്റുമതി വര്‍ധിപ്പിക്കാനും സപ്പോരീഷ്യ ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ ഉക്രെയ്‍ന്‍ നഗരമായ ലിവിവിലായിരുന്നു ചര്‍ച്ച. റഷ്യ സെെനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് എര്‍ദോഗന്‍ ഉക്രെയ്‍ന്‍ സന്ദര്‍ശിക്കുന്നത്. അന്റോണിയോ ഗുട്ടറെസിന്റെ രണ്ടാം സന്ദര്‍ശനമാണിത്.
റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള ഉക്രെയ്‍ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായം തുര്‍ക്കിയ പ്രഖ്യാപിച്ചു. തുർക്കിയ നിക്ഷേപം ആകർഷിക്കുന്നതിനും സഹകരണത്തിനായി പ്രത്യേക പദ്ധതികൾ സൃഷ്ടിക്കുന്നതിനും ഒരു വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് സെലന്‍സ്കി അറിയിച്ചു. റഷ്യയിലേക്ക് നാടുകടത്തപ്പെട്ട ഉക്രെയ്‍നിയന്‍ പൗരന്മാരെ തിരികെയത്തിക്കാന്‍ യുഎന്‍ ഇടപെടണമെന്ന് സെലന്‍സ്കി ഗുട്ടറെസിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെട്ട ഉക്രെയ്‍നിയന്‍ സെെനികരെയും ഡോക്ടര്‍മാരെയും മോചിപ്പിക്കാന്‍ യുഎന്നിന്റെ സഹായവും സെലന്‍സ്കി അഭ്യര്‍ത്ഥിച്ചു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോരീഷ്യ ആണവ നിലയത്തിലെ സുരക്ഷയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തി. നിലയത്തിലേക്കുള്ള ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ദൗത്യം സംബന്ധിച്ചും ധാരണയായി. എന്നാല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ റഷ്യ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സെെനികവല്കരണം ഉള്‍പ്പെടെ ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സെലന്‍സ്കി ഗുട്ടറെസിനോട് ആവശ്യപ്പെട്ടു. ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് എര്‍ദോഗനും ഗുട്ടറെസും ആശങ്ക ഉന്നയിച്ചു. നിലയം സെെനികവല്ക്കരിക്കണമെന്ന നിര്‍ദ്ദേശമാണ് ഗുട്ടറെസും മുന്നോട്ട് വച്ചത്. നിലയത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും മറ്റൊരു ചെര്‍ണോബില്‍ ആവശ്യമില്ലെന്നുമാണ് എര്‍ദോഗന്‍ പ്രതികരിച്ചത്.
എന്നാല്‍ ആണവ നിലയം സെെനികവല്ക്കരിക്കാനുള്ള ഗുട്ടെറസിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഉക്രെയ്‍ന്‍— റഷ്യ സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച വിഷയത്തില്‍ കൂടിക്കാഴ്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന നിലപാട് എര്‍ദോഗന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും സെലന്‍സ്കിയുമായി ഇസ്താംബൂളില്‍ കൂടിക്കാഴ്ച സംഘടിപ്പിക്കാനുള്ള സന്നദ്ധതയും എര്‍ദോഗന്‍ അറിയിച്ചു. സപ്പോരീഷ്യ ആണവനിലയത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പുടിനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:The UN chief is worried about the safety of the Zaporizhia nuclear power plant
You may also like this video