ഐക്യരാഷ്ട്രസഭയുടെ 80-ാം പൊതുസഭാ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പകരം അയയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചത് കേവലം സമയക്രമത്തിലെ ഭിന്നതകൊണ്ടല്ല. ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടികയിൽ സെപ്റ്റംബർ 26ന് മോഡി ഇന്ത്യക്കുവേണ്ടി പ്രസംഗിക്കുമെന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് പുറത്തിറക്കിയ പ്രഭാഷകരുടെ പുതുക്കിയ പട്ടിക പ്രകാരം മോഡി ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.
ആഗോള നയതന്ത്രത്തിലെ ഭിന്നതകള്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു നിമിഷത്തിലാണ് കണക്കുകൂട്ടലോടെയുള്ള ഈ പിന്മാറ്റം. പലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം ശക്തി പ്രാപിക്കുമ്പോള്‍ ആഗോള ദക്ഷിണരാജ്യങ്ങളില്‍ പ്രമുഖമായ ഇന്ത്യയുടെ പങ്ക് അഭൂതപൂർവമായ വിമർശനത്തിന് വിധേയമാകുന്നു. നയതന്ത്രപരമായ സാധാരണ നടപടി എന്നതിലുപരി തന്ത്രപരമായ പുനഃക്രമീകരണത്തെയാണ് മാറ്റം സൂചിപ്പിക്കുന്നത്. പുതിയ വ്യാപാരക്രമം ഏർപ്പെടുത്തിയതിനെത്തുടർന്ന് വാഷിങ്ടണുമായുള്ള ബന്ധം വഷളായതാണ് ഡൽഹിയുടെ ഈ തീരുമാനത്തിന് പ്രധാന കാരണം. ചില വിശകലന വിദഗ്ധർ ഇതിനെ ട്രംപ് താരിഫ് പിരിമുറുക്കം എന്ന് വിശേഷിപ്പിക്കുന്നു.
മോഡിയുടെ അസാന്നിധ്യം പ്രസിഡന്റ് ട്രംപുമായുള്ള ഒരു അസ്വസ്ഥമായ കൂടിക്കാഴ്ച ഒഴിവാക്കുന്നതിനുവേണ്ടിയാണ്. യുഎൻ സമ്മേളനത്തിന്റെ ആദ്യ ദിവസമായ സെപ്റ്റംബർ 23ന് അദ്ദേഹം നടത്തിയ പ്രസംഗം പരമ്പരാഗത സഖ്യകക്ഷികളുമായുള്ള ബന്ധത്തെ ഇതിനകം തന്നെ വഷളാക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ നയതന്ത്ര കണക്കുകൂട്ടൽ വ്യക്തമാണ്: മന്ത്രിതല പ്രാതിനിധ്യത്തിലൂടെ ഇന്ത്യക്ക് തന്ത്രപരമായ വ്യക്തത നിലനിർത്താൻ കഴിയുമെങ്കില്‍ എന്തിനാണ് ഒരു ഉന്നതതല ഏറ്റുമുട്ടലിന് സാധ്യതയുണ്ടാക്കുന്നത്? മോഡി ഹാജരാകാത്തത്, വിവാദ വിഷയങ്ങളിലെ അടിയന്തര സമ്മർദം മറികടക്കാനും നയതന്ത്രപരമായ വഴക്കം നിലനിർത്താനും ന്യൂഡൽഹിയെ സഹായിക്കും.
വ്യക്തിപരമായ നയതന്ത്രത്തിലും പ്രവൃത്തികളിലും അന്താരാഷ്ട്രബന്ധം കെട്ടിപ്പടുത്ത ഒരു നേതാവ് ഈ അസാന്നിധ്യത്തിലൂടെ ഒട്ടേറെ കാര്യങ്ങൾ പറയുന്നു. മോഡിയുടെ മുൻ യുഎൻ പ്രസംഗങ്ങളെല്ലാം ശ്രദ്ധാപൂർവം തയ്യാറാക്കിയവയായിരുന്നു. ഇന്ത്യയെ വളർന്നുവരുന്ന ഒരു ആഗോള ശക്തിയായി ചിത്രീകരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളതായിരുന്നു അവ. നിലവിലെ അന്താരാഷ്ട്ര കാലാവസ്ഥ അത്തരം സന്ദേശങ്ങൾക്ക് അനുയോജ്യമായേക്കില്ല എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ പിൻവാങ്ങൽ സൂചിപ്പിക്കുന്നത്.
സമാധാനം, വികസനം, ബഹുമുഖ സഹകരണം എന്നിവയുൾപ്പെടെ ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിന് പരിചയസമ്പന്നനായ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പക്ഷേ, അസാധാരണമായ വൈദഗ്ധ്യം ആവശ്യമുള്ള ഒരു നയതന്ത്ര പ്രതിസന്ധിയാണ് ജയ്ശങ്കർ നേരിടേണ്ടി വരുന്നത്. ഇസ്രയേലിനെയോ, പലസ്തീനിനെ അംഗീകരിക്കുന്ന വളർന്നുവരുന്ന രാജ്യങ്ങളുടെ സഖ്യത്തെയോ അകറ്റിനിർത്താതെ പലസ്തീൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി. 2025 സെപ്റ്റംബർ വരെ, ഐക്യരാഷ്ട്രസഭയിലെ (യുഎൻ) 193 അംഗരാജ്യങ്ങളിൽ 157 എണ്ണവും, അതായത് ഏകദേശം 81% പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്.
ഒരു പൂർണ എംബസി സ്ഥാപിച്ചുകൊണ്ട് പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീരിക്കുന്നതിന് നരേന്ദ്ര മോഡി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും. എന്നാല്‍ പലസ്തീൻ രാഷ്ട്രത്തിന്റെ പൂര്‍ണമായ അംഗീകാരം ഒഴിവാക്കി, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഇന്ത്യയുടെ സ്ഥിരമായ പിന്തുണ ജയ്ശങ്കര്‍ ഊന്നിപ്പറയാൻ സാധ്യതയുണ്ട്. “ഞങ്ങൾ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നു, അതേക്കുറിച്ച് പരസ്യമായും അസന്ദിഗ്ധമായും പ്രസ്താവിച്ചിട്ടുണ്ട്. ഞങ്ങളുടെ നിലപാടിനെക്കുറിച്ച് ഒരു ആശയക്കുഴപ്പവും വേണ്ടതില്ല” എന്ന് അദ്ദേഹം മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്.
പലസ്തീനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വികസിച്ചുകൊണ്ടിരിക്കുന്ന വിദേശനയ മുൻഗണനകളുടെ സങ്കീർണത പ്രതിഫലിപ്പിക്കുന്നു. ഏറെക്കാലം ഇന്ത്യ പലസ്തീനെയും അതിന്റെ നിലനില്പിനുള്ള അവകാശത്തെയും പിന്തുണച്ചിരുന്നു. എന്നാൽ 1990കൾ മുതൽ, ഇസ്രയേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ വിദേശനയവും മേഖലയുമായുള്ള ഇടപെടലും മാറി. അന്താരാഷ്ട്ര സമ്മർദം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ വെല്ലുവിളി നിറഞ്ഞ സൂക്ഷ്മമായ സന്തുലിത നടപടിയാണ് ഈ മാറ്റമുണ്ടാക്കിയത്.
പലസ്തീനിനെക്കുറിച്ചുള്ള 10 യുഎൻജിഎ പ്രമേയങ്ങൾക്ക് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു, മൂന്നെണ്ണത്തിൽ നിന്ന് വിട്ടുനിന്നു. ഇരുപക്ഷവുമായും പൂർണമായ യോജിപ്പ് ഒഴിവാക്കുന്ന തരത്തില്‍ സന്തുലിതമായ സമീപനം ശ്രദ്ധാപൂർവം പ്രകടമാക്കി. ഈ ഇടപെടല്‍ രീതി ഇന്ത്യയെ ഉത്തരവാദിത്തമുള്ള ഒരു ആഗോള ശക്തിയായി നിലനില്‍ക്കെത്തന്നെ ഇസ്രയേല്‍, പലസ്തീൻ അധികാരികളുമായും ബന്ധം നിലനിർത്താൻ അനുവദിച്ചു. എന്നാല്‍, ഓസ്‌ട്രേലിയ, കാനഡ, യുകെ എന്നീ രാജ്യങ്ങൾ അടുത്തിടെ നൽകിയ അംഗീകാരം ഇന്ത്യയുടെ മേല്‍ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നു. പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികൾ അംഗീകാരത്തിലേക്ക് നീങ്ങുമ്പോൾ, പൂർണമായും നയതന്ത്രാടിസ്ഥാനത്തിൽ ഇന്ത്യയുടെ നിലപാടിനെ ന്യായീകരിക്കാൻ ബുദ്ധിമുട്ടാണ്.
ദക്ഷിണാഗോള രാജ്യങ്ങളെ നയിക്കാനുള്ള ഇന്ത്യയുടെ അഭിലാഷം പലസ്തീൻ വിഷയത്തിൽ നിർണായകമായ പരീക്ഷണത്തെയാണ് അഭിമുഖീകരിക്കുന്നത്. ദക്ഷിണാഗോളത്തിലെ പ്രധാന മണ്ഡലങ്ങളായ അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ, പലസ്തീനോട് ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർണായകമായ നിമിഷത്തിൽ മോഡി യുഎൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത് ഈ നേതൃത്വ പരീക്ഷണം ഒഴിവാക്കുന്നതിനാണെന്ന് വ്യാഖ്യാനിക്കാം.
പലസ്തീൻ പോലുള്ള പ്രധാന വിഷയങ്ങളിൽ പാശ്ചാത്യ ശക്തികളുമായി കൂടുതൽ അടുക്കുന്ന നിലപാടുകൾ നിലനിർത്തിക്കൊണ്ട് വികസ്വര ലോകത്തിന്റെ ശബ്ദമായി സ്വയം നിലകൊള്ളാൻ ഇന്ത്യ ശ്രമിക്കുകയാണ്. ആഗോള ദക്ഷിണ നേതാവെന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യതയെ, പ്രത്യേകിച്ച് വിവിധ അന്താരാഷ്ട്ര വേദികളിൽ ചരിത്രപരമായി പിന്തുണച്ച അറബ് രാജ്യങ്ങൾക്കിടയിൽ, ഈ പിരിമുറുക്കം ദുർബലപ്പെടുത്തുമെന്ന ഭീഷണിയുണ്ട്.
സെപ്റ്റംബർ 28ന് ജയ്ശങ്കർ നടത്തുന്ന പ്രസംഗം, പലസ്തീനുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിബദ്ധതകൾ ഒഴിവാക്കിക്കൊണ്ട്, ദക്ഷിണാഗോള രാജ്യങ്ങളുടെ ഐക്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയാനാകും ശ്രമിക്കുക. അറബ് ലോകവുമായുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, കൊളോണിയലിസവുമായുള്ള ഇന്ത്യയുടെ അനുഭവം, സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനുള്ള ആഹ്വാനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഇതെല്ലാം പലസ്തീന്‍ അംഗീകാരത്തെക്കുറിച്ചുള്ള അവ്യക്തത മനഃപൂര്‍വം നിലനിർത്തിക്കൊണ്ടുതന്നെയാവും.
വിദേശനയ മുൻഗണനകളുടെ പുനഃക്രമീകരണത്തെക്കാൾ, തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളും ആഭ്യന്തര രാഷ്ട്രീയ അനിവാര്യതകളുമാണ് മോഡി സർക്കാരിന്റെ നടപടികളെ നയിക്കുന്നത്. ഈ ആഭ്യന്തര മാനവും അവഗണിക്കാൻ കഴിയില്ല. ഇന്ത്യയിലെ മുസ്ലിം ജനത പലസ്തീൻ അവകാശങ്ങളെ പിന്തുണയ്ക്കുന്നു. അതേസമയം സർക്കാർ, സുരക്ഷയ്ക്കും സാങ്കേതിക സഹകരണത്തിനുമായി ഇസ്രയേലുമായി ശക്തമായ ബന്ധം നിലനിർത്തുന്നു. പലസ്തീന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന അറബ് സഖ്യകക്ഷികൾ, ഇന്ത്യയുടെ നിലവിലെ നിലപാടിനെ മാനിക്കുന്ന ഇസ്രയേലി പങ്കാളികൾ, പ്രാദേശിക സ്ഥിരതയെക്കുറിച്ച് ആശങ്കാകുലരായ അമേരിക്കൻ നയകർത്താക്കൾ, വ്യത്യസ്ത വീക്ഷണങ്ങളുള്ള ആഭ്യന്തര മണ്ഡലങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭാഷ രൂപപ്പെടുത്തുക എന്നതായിരിക്കും ജയ്ശങ്കറിന് മുന്നിലെ വെല്ലുവിളി.
മോഡിയുടെ അഭാവവും ഇന്ത്യയുടെ ശ്രദ്ധാപൂർവമായ നിലപാടും രാജ്യത്തിന്റെ ആഗോള പങ്കിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത ശക്തി ഘടനകൾ വികസിക്കുകയും ഒപ്പം പുതിയ സഖ്യങ്ങൾ ഉയർന്നുവരികയും ചെയ്യുമ്പോൾ, ഇന്ത്യ ദീർഘകാലമായി തന്ത്രപരമായ അവ്യക്തത നിലനിർത്തുന്ന വിഷയങ്ങളിൽ പക്ഷം തെരഞ്ഞെടുക്കാനുള്ള സമ്മർദമുണ്ടാകുന്നു. അങ്ങനെ ഇന്ത്യയുടെ ദക്ഷിണാഗോള നേതൃത്വപദവിക്കുള്ള ഒരു ലിറ്റ്മസ് പരീക്ഷണമായി പലസ്തീൻ പ്രശ്നം മാറുകയാണ്. പ്രധാന വിഷയങ്ങളിൽ പാശ്ചാത്യ നിലപാടുകളുമായി യോജിച്ചുകൊണ്ട് വികസ്വര ലോക നേതാവെന്ന നിലയിൽ ന്യൂഡൽഹിക്ക് വിശ്വാസ്യത നിലനിർത്താൻ കഴിയുമോ? അതോ അറബ്, ആഫ്രിക്കൻ സഖ്യകക്ഷികളിൽ നിന്നുള്ള സമ്മർദം മൂലം നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതമാകുമോ?
എന്തായാലും ജയ്ശങ്കറിന്റെ യുഎൻ പ്രസംഗം ഇന്ത്യയുടെ നയതന്ത്ര ദിശയെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകും. ആത്യന്തികമായി, മോഡിയുടെ തന്ത്രപരമായ അഭാവം, വർധിച്ചുവരുന്ന ആഗോള ധ്രുവീകരണ പരിതസ്ഥിതിയിൽ വഴക്കം നിലനിർത്താനുള്ള ഇന്ത്യയുടെ മുൻഗണനയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വയം പങ്കെടുക്കുന്നതിനുപകരം ജയ്ശങ്കറിനെ അയയ്ക്കുന്നതിലൂടെ, ഭാവിയിലെ നയതന്ത്ര ഇടപെടലിനുള്ള സാധ്യതകള്‍ സംരക്ഷിക്കുന്നതിനൊപ്പം കുഴപ്പംപിടിച്ച വിഷയങ്ങളിൽ കുടുങ്ങാനുള്ള സാധ്യത ഒഴിവാക്കുകയാണ് മോഡി. ഈ സമീപനം താല്‍ക്കാലിക താല്പര്യങ്ങൾ നിറവേറ്റിയേക്കാം, പക്ഷേ ഇത് രാജ്യത്തിന്റെ ദീർഘകാല ആഗോള നേതൃത്വ താല്പര്യങ്ങളില്‍ ചോദ്യങ്ങളുയർത്തുന്നു.
പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദം രൂക്ഷമാകുകയും ആഗോള ദക്ഷിണ രാജ്യങ്ങൾ വാചാപിന്തുണയ്ക്കപ്പുറം മൂർത്തമായ ഐക്യദാർഢ്യം പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഇടം ചുരുങ്ങിക്കൊണ്ടിരിക്കും. ഈ നയതന്ത്രത്തിന് വ്യക്തമായ നിലപാടുകൾക്ക് പകരമായി തുടരാൻ കഴിയുമോ, അതോ ഏറെക്കാലമായി മാറ്റിവച്ചിരുന്ന ദുഷ്കരമായ തീരുമാനങ്ങളെടുക്കാൻ രാജ്യം നിർബന്ധിതമാകുമോ എന്ന പരീക്ഷണമാകും 80-ാമത് യുഎൻ പൊതുസഭാ സമ്മേളനം.
(ഐപിഎ)

