സുഡാനിലെ ആഭ്യന്തര കലാപം അനിയന്ത്രിതമായി തുടരുകയാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. ഏറ്റുമുട്ടലും സംഘര്‍ഷവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ട് വര്‍ഷമായി സുഡാനീസ് സായുധ സേനയും (എസ്എഎഫ്) യുഎഇയുടെ പിന്തുണയുള്ള റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ 21ാം നൂറ്റാണ്ടിലെ ഏറ്റവും മോശമായ സംഘര്‍ഷമെന്നാണ് യുഎന്‍ വിലയിരുത്തിയത്. ഇതുവരെ ഒന്നര ലക്ഷത്തോളം പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. 14 മില്യണ്‍ ആളുകള്‍ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്നാണ് കണക്കുകള്‍.
1980 കളുടെ അവസാനത്തോടെ സുഡാന്‍ ഭരിച്ചിരുന്ന ഒമര്‍-അല്‍-ബഷീര്‍ രൂപം നല്‍കിയ ജന്‍ജാവീദ് സൈനിക വിഭാഗത്തിന്റെ ആധുനിക വിമത സൈനിക രൂപമാണ് ആര്‍എസ്എഫ്. സുഡാന്‍ സൈന്യമായ എസ്എഎഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര തര്‍ക്കമാണ് ഇന്ന് കാണുന്ന കൂട്ടക്കൊലയിലേക്കും അടിച്ചമര്‍ത്തലിലേക്കും ജനങ്ങളെ തള്ളിവിട്ടത്. 2023 ഏപ്രില്‍ മാസത്തില്‍ എസ്എഫും ആര്‍എസ്എഫും തമ്മിലുള്ള അധികാര വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജ്യം സമ്പൂര്‍ണ ആഭ്യന്തര കലാപത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.
18 മാസത്തെ ആഭ്യന്തര കലാപത്തിന് ശേഷം ഒക്ടോബര്‍ 27 ന് ആണ് എസ്എഎഫിന്റെ നിയന്ത്രണത്തിലുള്ള ദാര്‍ഫുറിലെ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതായി ആര്‍എസ്എഫ് അവകാശപ്പെട്ടത്. ഇതോടെ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവരുടെ നിയന്ത്രണത്തിലായി. എല്‍ ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചതോടെ കൂട്ടക്കൊലയുടെ വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്. എല്‍ ഫാഷറിലെ കൂട്ടക്കൊല, പീഡനം തുടങ്ങിയവയുടെ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് തിങ്കളാഴ്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞത്. കലാപവും സംഘര്‍ഷവും ഉപേക്ഷിച്ച് ഇരുവിഭാഗവും സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഗുട്ടറസ് പറഞ്ഞു.

