Site iconSite icon Janayugom Online

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്ന് നിലവിൽ വരും

CMCM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്ന് നിലവിൽവരും. ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും.

നാല് വര്‍ഷത്തോളമായി നടന്നുവന്ന അതിസങ്കീര്‍ണമായ പ്രക്രിയയുടെ ഒടുവിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നത്. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ നാളെ സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ വേദിയില്‍ വച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

വകുപ്പ് സംയോജനം യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഇനി മുതല്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ‑നഗര സംവിധാനങ്ങള്‍ ഒന്നിച്ച് നടത്തുന്നതിനാല്‍ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമായിട്ടുണ്ട്. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണവും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര വിതരണവും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ നടത്തും.

 

Eng­lish Sum­ma­ry: The Uni­fied Local Self Gov­ern­ment Depart­ment will come into exis­tence today

 

You may like this video also

Exit mobile version