Site icon Janayugom Online

ഉക്രെയ്‍നിലെ റഷ്യൻ നടപടികൾ യുദ്ധക്കുറ്റങ്ങളായി കണക്കാക്കപ്പെട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ

un united nations

ഉക്രെയ്‍നില്‍ സാധാരണക്കാര്‍ക്കെതിരെ റഷ്യന്‍ സെെന്യം നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളായി കണക്കാക്കപ്പെട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമാണ് ഉക്രെയ്‍നില്‍ നടക്കുന്നതെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹെെക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ് ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സേന നിരന്തരം ബോംബാക്രമണം നടത്തി. ആശുപത്രികളും സ്‍കുളുകളുമുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. ഇവയെല്ലാം യുദ്ധക്കുറ്റങ്ങളായി കണക്കാക്കപ്പെട്ടേക്കാമെന്ന് യുഎന്‍ വക്താവ് രവിന ഷംദാസനി പറഞ്ഞു.

ഉക്രെയ്‍ന്‍ തലസ്ഥാനമായ കീവനടുത്തുള്ള ബുച്ച പട്ടണത്തില്‍ 50 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യുഎന്‍ പ്രവര്‍ത്തകരുമായി സംസാരിച്ച ഓരോ ബുച്ച പ്രദേശവാസിക്കും ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ സുഹൃത്തുക്കളുടെയോ മരണത്തെക്കുറിച്ച് പറയാനുണ്ടായിരുന്നു. ബുച്ചയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്താന്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ബുച്ച ഒറ്റപ്പെട്ട സംഭവമല്ലെന്നും മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. ഉക്രെയ്‍ന്‍ നഗരങ്ങളായ കീവ്, ചെര്‍ണീവ്, കര്‍കീവ്, സുമി എന്നിവിടങ്ങളില്‍ നിന്നായി സിവിലിയന്‍ കൊലപാതങ്ങളെ സംബന്ധിച്ച 300 പരാതികളാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ലഭിച്ചത്. ഇതുകൂടാതെ, റഷ്യന്‍ സെെനികര്‍ക്കെതിരായി 75 ഓളം ലെെംഗീക പീഡന പരാതികളും ഐക്യരാഷ്ട്ര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.

കിഴക്കന്‍ നഗരങ്ങളില്‍ റഷ്യ രാസായുധം പ്രയോഗിച്ചെന്ന ആരോപണങ്ങളിലും ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തും. ആക്രമണം രൂക്ഷമായ മരിയുപോള്‍ അടക്കമുള്ള നഗരങ്ങളില്‍ യഥാര്‍ത്ഥ മരണസംഖ്യ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതലാണെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ടെന്ന് ബാച്ച്ലെറ്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആത്യന്തികമായി അവസാനിപ്പിക്കേണ്ടത് യുദ്ധമാണെന്നും അവര്‍ പറഞ്ഞു.

Eng­lish Sum­ma­ry: The Unit­ed Nations says Rus­si­a’s actions in Ukraine could be con­sid­ered war crimes

You may like this video also

Exit mobile version