സർവകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മൂന്നു ബില്ലുകളും ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന നടപടികള്‍ക്കെതിരെ സുപ്രീംകോടതി വിധിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ബില്ലുകൾ വേഗത്തില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്.
സർവകലാശാല ഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ 2, സ്വകാര്യ സർവകലാശാല ബിൽ എന്നിവയാണ് അയച്ചത്. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറൻസ് ചോദിച്ചിരിക്കുന്നതിനിടെയാണ് ഗവർണറുടെ നടപടി. ഇതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദാംശങ്ങള്‍ തേടിയിരുന്നു.

