Site iconSite icon Janayugom Online

പടക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ട് യുഎസ്

അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം. ഇറാനും യുഎസിനുമിടയിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഭവം. ഇറാൻ്റെ ഷഹെദ്-139 ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

യുദ്ധക്കപ്പലിനെയും അതിലെ ആളുകളെയും സംരക്ഷിക്കുന്നതിനായി സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് യുഎസ് അവകാശപ്പെട്ടു. ലിങ്കണ്‍ കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്. കപ്പലിന് നേരെ അപകടകരമായ രീതിയില്‍ അടുക്കുകയായിരുന്നു ഡ്രോണ്‍ എന്നാണ് യുഎസ് സൈന്യം പറഞ്ഞത്. ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ അകലെയായാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version