Site iconSite icon Janayugom Online

അതിദരിദ്രരെ ചേർത്തു പിടിച്ച് വടക്കാഞ്ചേരി നഗരസഭ

തലചായ്ക്കാനിടമില്ലാത്ത അതിദരിദ്രരായ കുടുംബങ്ങളുടെ സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി നഗരസഭ. നഗരസഭയുടെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ഒമ്പത് പേർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. പൊതു ജനങ്ങൾ, വിവിധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ മാനുഷിക വിഭവശേഷി പ്രയോജനപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിലാണ് വീടൊരുക്കുക. ഇതുമായി ബന്ധപ്പെട്ട് ഹാബിറ്റാറ്റ് എംഡി ഡോ. ശങ്കർ ഭവന നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു. 

300 മുതൽ 400 വരെ സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ രണ്ട് മുറികളും അടുക്കളയും ശൗചാലയവും ഉൾപ്പെടുത്തി ആവശ്യമായി സൗകര്യങ്ങളോടെയാണ് വീട് നിർമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭയുടെ നേതൃത്വത്തിൽ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നഗരസഭ നേരിട്ട് വീട് നിർമിച്ച് നൽകുന്നത്. ഒക്ടോബർ മാസത്തോടെ ഭവന നിർമാണം പൂർത്തീകരിക്കുന്നതോടെ വടക്കാഞ്ചേരി നഗരസഭ അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യ പ്രാപ്തിയിലെത്തും. വീടും സ്ഥലവുമില്ലാത്ത ആറു കുടുംബങ്ങൾക്ക് മനസ്സോടിത്തിരി പദ്ധതിയിലൂടെ ഒരാൾക്ക് മൂന്ന് സെന്റ് സ്ഥലം വീതം ലഭ്യമാക്കിയിട്ടുണ്ട്. 38 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ചു. അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഭക്ഷണ കിറ്റും പാലിയേറ്റീവ് കെയർ മുഖേന മരുന്നും വിതരണം ചെയ്യുന്നുണ്ട്. ഹാബിറ്റാറ്റ് എം ഡി ഡോ. ശങ്കർ നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രനുമായി ചർച്ച നടത്തി. വൈസ് ചെയർമാൻ ഷീല മോഹൻ ‚സ്ഥിരം സമിതി അധ്യക്ഷരായ എം ആർ അനൂപ് കിഷോർ, എ എം ജമീലാബി, പി ആർ അവിന്ദാക്ഷൻ, സി വി മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version