Site iconSite icon Janayugom Online

രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. യുഎസ് ഡോളറിനെതിരെ 86 രൂപയെന്ന സര്‍വകാലത്തെ വീഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും യുഎസ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന റിപ്പോര്‍ട്ടുകളും അസംസ്‌കൃത എണ്ണവില ഉയരുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു. 

ഇന്നലെ രൂപയുടെ മൂലം 14 പൈസ കുറഞ്ഞ് 86.01 ലെത്തി. ബുധനാഴ‍്ച രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 85.91 എന്ന റെക്കോഡ് താഴ‍്ചയില്‍ ക്ലോസ് ചെയ‍്തിരുന്നു. രണ്ട് മാസം മുമ്പ് രൂപയുടെ മൂല്യം 84.50 ആയി കുറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച ആറ് പൈസ വീണ്ടെടുത്ത് 85.85 എന്ന നിലയിലെത്തി. ഇതിന് ശേഷമാണ് 14 പൈസയുടെ വന്‍ ഇടിവുണ്ടായത്. തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയും ക്രമേണ ഡോളറിനെതിരെ 86 രൂപയിലേക്ക് എന്ന നിലയില്‍ എത്തുകയുമായിരുന്നു. 

നടപ്പുസാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം കുറച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം 6.4 ശതമാനം വളര്‍ച്ച മാത്രമാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് കുറഞ്ഞ വളര്‍ച്ചാ അനുമാനം. കോവിഡ് കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. 

ഡൊണാൾഡ് ട്രംപ് പുതിയ യുഎസ് ഭരണത്തലവനാകുന്നതിന് മുന്നോടിയായും ഡോളറിന് ആവശ്യകതയേറി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളര്‍ കടന്ന് കുതിക്കുകയാണ്. എണ്ണ വില കുതിക്കുന്നത് ഡോളര്‍ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മോഡി ഭരണത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച അന്തമില്ലാതെ തുടരുകയാണ്. 1991ൽ ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 22.74 രൂപയായിരുന്നു. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുമ്പോൾ ഡോളറിന് 62.33 രൂപയായിരുന്നത് ഇപ്പോൾ 86ലേക്കും പതിച്ചു. 

Exit mobile version