സ്ഥാനം മറന്ന് പ്രതിപക്ഷത്തിനു നേരെ ആക്രോശവുമായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍.
ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും പാർലമെന്റിനെ തടസപ്പെടുത്തുകയും ചെയ്യുന്ന ഘടകങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ആഹ്വാനം. മീററ്റിലെ ചൗധരി ചരൺ സിങ് സർവകലാശാലയിൽ സംഘടിപ്പിച്ച ത്രിദിന “ആയുർവേദ കുംഭ്” എന്ന ചടങ്ങിലാണ് ധൻഖറിന്റെ അസാധാരണമായ അഭ്യർത്ഥന. ഉപരാഷ്ട്രപതിയെപ്പോലെയുള്ള നിഷ്പക്ഷ ഭരണഘടനാ അധികാരി എന്നതിലുപരി രാഷ്ട്രീയക്കാരന്റെ ഭാഷയായിരുന്നു ധന്‍ഖറിന്.
“ആരോ വിദേശത്തേക്ക് പോയി പാർലമെന്റിൽ മൈക്ക് സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതിപക്ഷം സംസാരിക്കുമ്പോൾ മൈക്കുകൾ നിശബ്ദമാക്കാറുണ്ടെന്ന് രാഹുൽ ഗാന്ധി ദിവസങ്ങൾക്ക് മുമ്പ് ലണ്ടനിൽ പറഞ്ഞിരുന്നു. അധികാരത്തിലേറിയതു മുതല്‍ ഉപരാഷ്ട്രപതി എന്ന പദവി വിനിയോഗിക്കുന്നതിനു പകരം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയുള്ള രാഷ്ട്രീയ കളികള്‍ക്കായാണ് ധന്‍ഖര്‍ തന്റെ വേദികള്‍ ഉപയോഗിച്ച് വരുന്നത്.
കേംബ്രിഡ്ജ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിമര്‍ശിച്ചു. ”ലണ്ടന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത് ദൗര്‍ഭാഗ്യകരമാണ്” എന്ന് പ്രധാനമന്ത്രി കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പറഞ്ഞു.
You may also like this video