Site iconSite icon Janayugom Online

അങ്ങാടിയിൽ തോറ്റാൽ കപ്പലിൽ കൂലി ഇരട്ടി, ലക്ഷദ്വീപുവാസികൾക്ക് ഇരുട്ടടി

ദ്വീപുനിവാസികളെ ഫാസിസ്റ്റ് നിയമങ്ങൾക്കു കീഴിൽ ആക്കാൻ മത്സരിക്കുന്ന ഭരണകൂടം സാധാരണ പൗരനെ കടലിൽ തള്ളുന്ന കപ്പൽ കൂലി വർധനയ്ക്ക് തീരുമാനമെടുത്തു .ലക്ഷദ്വീപിലേക്കുള്ള കപ്പലിലെ യാത്രാ, ചരക്കുകൂലികൾ കുത്തനെ കൂട്ടി. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ഹെലികോപ്‌റ്ററിൽ കൊച്ചിയിൽ എത്തിക്കുന്നതിനുള്ള നിരക്ക്‌ മൂന്നിരട്ടിയാക്കി. ഗുരുതരാവസ്ഥയിലാകുന്ന രോഗിയെയും കൂടെ രണ്ടുപേരെയും ഹെലികോപ്‌റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ 15,000 രൂപയാണ്‌ ഈടാക്കിയിരുന്നത്‌. ഇത്‌ 50,000 രൂപയാക്കി. 

എല്ലാ അവശ്യസാധനങ്ങളും വൻകരയിൽനിന്നുവരുന്ന ദ്വീപിൽ, ചരക്കുകൂലിവർധന വിലക്കയറ്റം രൂക്ഷമാക്കും. കൊച്ചി–-കവരത്തി രണ്ടാംക്ലാസ്‌ യാത്രാനിരക്ക്‌ 650 രൂപയിൽനിന്ന്‌ 1300 രൂപയായും ഫസ്‌റ്റ്‌ ക്ലാസ്‌ നിരക്ക്‌ 2340 രൂപയിൽനിന്ന്‌ 3510 രൂപയുമായാണ്‌ വർധിപ്പിച്ചത്‌. ഡോർമിറ്ററിപോലുള്ള ബങ്ക്‌ ക്ലാസ്‌ ടിക്കറ്റ്‌ നിരക്കും 220 രൂപയിൽനിന്ന്‌ 330 ആയി ഉയർത്തി.

വിനോദസഞ്ചാരികൾക്കുള്ള കൊച്ചി–-കവരത്തി സെക്കൻഡ്‌ ക്ലാസ്‌ നിരക്ക്‌ 1270 രൂപയിൽനിന്ന്‌ 3810 രൂപയാക്കി. ഫസ്‌റ്റ്‌ ക്ലാസ്‌ നിരക്ക്‌ 3380 രൂപയിൽനിന്ന്‌ 5820 രൂപയാക്കി. ബങ്ക്‌ ക്ലാസ്‌ നിരക്ക്‌ 500 രൂപയിൽനിന്ന്‌ 1500 രൂപയാക്കി. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന്‌ മെട്രിക്‌ ടണ്ണിന്‌ 650 രൂപയായിരുന്നത്‌ 1200 രൂപയാക്കി. പഞ്ചായത്തുകളുമായോ ദ്വീപുകളിലെ ട്രാൻസ്‌പോർട്ട്‌ കമ്മിറ്റിയുമായോ ആലോചിക്കാതെ അഡ്‌മിനിസ്ട്രേഷനു കീഴിലുള്ള ലക്ഷദ്വീപ്‌ പോർട്ട്‌ ഷിപ്പിങ്‌ ആൻഡ്‌ ഏവിയേഷൻ വകുപ്പാണ്‌ നിരക്ക്‌ വർധിപ്പിച്ച്‌ ഉത്തരവിറക്കിയത്‌. 

ENGLISH SUMMARY:the wages on the ship will dou­ble in Lakshadweep
You may also like this video

Exit mobile version