പശ്ചിമേഷ്യൻ യുദ്ധം എട്ടാം ദിവസവും തുടരുന്നു. ഇറാനിൽ മാത്രം ഇതുവരെ 1,332 പേർ കൊല്ലപ്പെട്ടു. ലെബനനിലും ഇസ്രയേലിന്റെ ആക്രമണം രൂക്ഷമാണ്. ഇവിടെ മരണസംഖ്യ 217 കടന്നു. മൂന്ന് ലക്ഷത്തിലധികം ആളുകൾ ലെബനനിൽ നിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേനയും അമേരിക്കൻ സൈന്യവും ശക്തമായ ആക്രമണം നടത്തി. ഇറാന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ താവളങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങളുണ്ടായി.
മറുപടിയായി തെക്കൻ ഇസ്രയേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. അബുദാബിയിലെ അമേരിക്കൻ കേന്ദ്രങ്ങൾ, കുവൈറ്റിലെ ഉദൈരി സൈനിക ക്യാമ്പ്, ഇസ്രയേലിലെ തന്ത്രപ്രധാനമായ സ്ദോട്ട് മിച്ച എയർബേസിലെ റഡാർ സംവിധാനങ്ങൾ, യുഎഇയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളങ്ങളിൽ ഒന്നായ അൽ ദാഫ്ര എന്നിവയ്ക്കുനേരെ ഇറാൻ ആക്രമണം നടത്തി. തങ്ങളെ ആക്രമിക്കാൻ അമേരിക്കയ്ക്കോ ഇസ്രയേലിനോ സ്ഥലം വിട്ടുനൽകുന്ന രാജ്യങ്ങൾ ഇറാന്റെ സൈനിക ലക്ഷ്യങ്ങളായി മാറുമെന്ന് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ഷെകാർച്ചി മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ പ്രധാന കടൽപ്പാതയായ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ദക്ഷിണ ബെയ്റൂട്ടിലെ ദാഹിയേഹ് ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. സ്കൂളുകളും പൊതുസ്ഥാപനങ്ങളും അഭയാർത്ഥി ക്യാമ്പുകളായി മാറി. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും മേഖലയിൽ കടുത്ത ക്ഷാമം നേരിടുന്നതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

