ഉക്രെയ്‌നിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിലേക്ക് മിസൈലാക്രമണം നടത്തി റഷ്യ. ഇന്ത്യയിലെ ഉക്രെയ്ൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. മനപ്പൂര്‍വ്വമാണ് റഷ്യ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ആക്രമിച്ചതെന്ന് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുമായി നല്ല സൗഹൃദ ബന്ധം അവകാശപ്പെടുന്ന റഷ്യ ഉക്രെയ്‌നിലെ ഇന്ത്യൻ ബിസിനസുകളെ മനഃപൂർവ്വം ലക്ഷ്യമിട്ടാണ് മിസൈലാക്രമണം നടത്തിയതെന്നും ഉക്രെയ‍്ന്‍ ആരോപിച്ചു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ അവര്‍ നശിപ്പിക്കുകയാണെന്നും ഉക്രെയ‍്ന്‍ അംബാസഡര്‍ മാർട്ടിൻ ഹാരിസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ, റഷ്യൻ സർക്കാരുകൾ പ്രതികരിച്ചിട്ടില്ല. കീവിലെ കുസൂം ഹെല്‍ത്ത് കെയറിനു നേരെയാണ് ആക്രമണമുണ്ടായത്. ഉക്രെയ്ൻ, മോൾഡോവ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കെനിയ, ഐവറി കോസ്റ്റ്, ബെനിൻ, ബുർക്കിന ഫാസോ, എത്യോപ്യ, നൈജർ, കാമറൂൺ, മാലി, ടാൻസാനിയ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിൽ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കുസും ഹെൽത്ത്കെയർ.

