Site iconSite icon Janayugom Online

അണക്കെട്ടുകളിലെ ജലശേഖരം മൂന്നിലൊന്ന് മാത്രം

സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളുള്ള ജലാശയങ്ങളിൽ അവശേഷിക്കുന്നത് 31 ശതമാനം ജലം മാത്രം. വേനൽ മഴ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഈ മാസം 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ജലാശയങ്ങളിലെല്ലാമായി ഒഴുകി എത്തുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. എന്നാൽ ഇന്ന് വരെ 27.138 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. 81.954 ദശലക്ഷം യൂണിറ്റിന് ആവശ്യമായ നീരൊഴുക്ക് ഇന്ന് വരെ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ കുറവ്. മാസം പകുതിയോട് അടുത്തിട്ടും വേനൽ മഴയുടെ ലഭ്യത ഉയരാത്തത് കെഎസ്ഇബിയെ ആശങ്കപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആവശ്യമായി വരുന്നതാണ് ആശങ്കക്ക് അടിസ്ഥാനം. 

വൈദ്യുതോപയോഗം നിയന്ത്രിച്ച് നിർത്താനും ആഭ്യന്തര വൈദ്യുതോൽപ്പാദനം പൂർണ്ണതോതിലേക്ക് ഉയർത്താനുമായാൽ ബോർഡിന് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാനാകും. നിലവിൽ സംസ്ഥാനത്തെ ശരാശരി ആഭ്യന്തര വൈദ്യുതോൽപ്പാദനം 16.9371 ദശലക്ഷം യൂണിറ്റാണ്. വൈദ്യുത ഉപയോഗം കുറഞ്ഞു നിന്ന ഇന്ന് സംസ്ഥാനത്ത് ആവശ്യമായി വന്ന 95.6945 ദശലക്ഷം യൂണിറ്റിൽ 11.6587 ദശലക്ഷം യൂണിറ്റായിരുന്നു ആകെ ആഭ്യന്തര ഉൽപ്പാദനം. ശേഷിച്ച 84.0388 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിക്കേണ്ടി വന്നു.
സംസ്ഥാനത്തെ ജല വൈദ്യുതി പദ്ധതികളിലെല്ലാമായി ഇപ്പോൾ അവശേഷിക്കുന്നത് 1275.234 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം മാത്രമാണ്. വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ വൈദ്യുതോപയോഗം നിയന്ത്രിച്ച് നിർത്താനുള്ള പ്രവർത്തനങ്ങൾ കെഎസ്ഇബി നടപ്പിലാക്കി വരികയാണ്. എന്നാൽ പീക്ക് അവറിൽ വൈദ്യുത ആവശ്യകത അനിയന്ത്രിതമായി ഉയരുന്നതാണ് കെഎസ്ഇബിയെ കുഴപ്പിക്കുന്നത്. 

വേനൽ മഴ ശക്തമായാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് വേനൽ മഴയുടെ ലഭ്യത 47 ശതമാനം മാത്രമാണ്. മാർച്ച് 1 മുതൽ ഇന്ന് വരെ ലഭിച്ചത് 99 മില്ലി മീറ്റർ മഴയാണ്. 209.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവ്. ഇന്ന് വരെ 221.5 മില്ലി മീറ്റർ മഴ ലഭിച്ച കോട്ടയത്ത് ഒഴികെ മറ്റ് ജില്ലകളിലെല്ലാം വേനൽ മഴ കുറഞ്ഞു.

Eng­lish Sum­ma­ry: The water stor­age in the dams is only one third

You may also like this video

Exit mobile version