Site iconSite icon Janayugom Online

കാലവർഷം ദുർബലം; വൈദ്യുതോല്പാദനം പ്രതിസന്ധിയിൽ

സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ വൈദ്യുതോല്പാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ വൈദ്യുതോല്പാദനമുള്ള ജലാശയങ്ങളിലാകെ അവശേഷിക്കുന്നത് 37 ശതമാനം ജലമാണ്. നിലവിൽ 714.63 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് സംസ്ഥാനത്തെ ജലാശയങ്ങളിലാകെ അവശേഷിക്കുന്നത്. വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കി ഡാമിൽ ജലനിരപ്പ് 2308.12 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 16 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോല്പാദനത്തിന്റെ പകുതിയിലേറെയും ഇടുക്കി പദ്ധതിയിൽ നിന്നുമാണ്. പ്രതിദിനം ശരാശരി 11.0923 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉല്പാദിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 78.0829 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 50. 4893 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്നെത്തിച്ചപ്പോൾ ആഭ്യന്തര ഉല്പാദനം 27.5936 ദശലക്ഷം യൂണിറ്റായി വർധിപ്പിക്കേണ്ടിയും വന്നു. ആഭ്യന്തര വൈദ്യുതോല്പാദനത്തിൽ ഇടുക്കി പദ്ധതിയിൽ നിന്ന് മാത്രം ഇന്നലെ 14.205 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.
കാലവര്‍ഷമെത്തിയിട്ടും ഈ മാസം വൈദ്യുതോപയോഗം അഞ്ച് തവണയാണ് 90 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയത്. വൈദ്യുതോപയോഗം ഇന്നലെ മാത്രമാണ് 80 ദശലക്ഷം യൂണിറ്റിന് താഴെയെത്തിയത്. സംസ്ഥാനത്ത് വൈദ്യുപയോഗം നിയന്ത്രിക്കാനായില്ലെങ്കിൽ വൈദ്യുതോല്പാദനം പ്രതിസന്ധിയിലാകും. ഉപയോഗം കൂടുന്നതനുസരിച്ച് കൂടുതൽ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കേണ്ടതായി വരും. പ്രതിദിനം ശരാശരി 63.1062 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ പുറമെ നിന്ന് എത്തിക്കുന്നത്.
കാലവർഷം ഇക്കുറി പതിവിൽ നിന്ന് വ്യത്യസ്തമായി താമസിച്ചാണ് കേരളത്തിലെത്തിയത്. എന്നാല്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ പൊതുവെ മഴ ദുർബലമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ വരെ സാധാരണയായി 201.8 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് 85.2 മില്ലി മീറ്റർ മഴ മാത്രമാണ്. നിലവിൽ സംസ്ഥാനത്ത് കാലവർഷ മഴയുടെ അളവിൽ 58 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് 3.827 മില്ലി മീറ്റർ മഴ മാത്രമാണ് ഇന്നലെ ലഭിച്ചത്. ഇടുക്കി ജില്ലയിൽ മഴയുടെ ലഭ്യതയിൽ ഈ മാസം 64 ശതമാനത്തിന്റെ കുറവുണ്ട്. ഇന്നലെ വരെ ഇടുക്കിയിൽ രേഖപ്പെടുത്തിയത് 74.1 മില്ലി മീറ്റർ മഴയാണ്. 207.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവ്. തൽസ്ഥിതി തുടർന്നാൽ ജലവൈദ്യുതി പദ്ധതികളുടെ പ്രവർത്തനങ്ങള്‍ അവതാളത്തിലാകും.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 50 ശതമാനത്തിലധികം മഴ കുറവാണ്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ വരെ 178.6 മില്ലി മീറ്റർ മഴ ലഭിച്ചിട്ടുണ്ട്.

eng­lish sum­ma­ry; The weath­er is weak; Pow­er gen­er­a­tion in crisis

you may also like this video;

Exit mobile version