Site iconSite icon Janayugom Online

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

പുല്ലൂരില്‍ കര്‍ഷകര്‍ക്ക് തലവേദനയായ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ചെറുതും വലുതുമായ ആറ് പന്നികളെയാണ് കൊലപ്പെടുത്തിയത്. നഗരസഭയുടെ അംഗീകൃത ഷൂട്ടര്‍മാരുടെ പാനലില്‍ ഉള്‍പ്പെട്ട കെ വി ഇല്യാസ് ബാബു ആനക്കയം, ഉമ്മര്‍ കെ കിഴക്കുംപറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വേട്ട നടത്തിയത്. കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയത് കര്‍ഷകരുടെ ഉറക്കം കെടുത്തിയിരുന്നു. പുല്ലൂരിലെ ചെമ്മരം ഭാഗത്തെ കൃഷി കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ കാട്ടുപന്നി വേട്ട ആരംഭിച്ചത്. വേട്ടനായ്ക്കളുടെ സഹായത്തോടെ പുല്ലൂരിലെ ചെമ്മരം, വെള്ളപ്പാറക്കുന്ന് പ്രദേശത്താണ് വേട്ട നടത്തിയത്. സേവനം ആവശ്യമുള്ളവര്‍ നഗരസഭയുമായോ കൗണ്‍സിലര്‍മാരുമായോ ബന്ധപ്പെടണമെന്ന് ചെയര്‍പേഴ്‌സന്‍ വി എം സുബൈദ പറഞ്ഞു. പുല്ലൂര്‍ വാര്‍ഡിലെ ചെമ്പക്കുന്ന്, റഹ്മത്ത് സ്‌കൂള്‍ മല എന്നിവിടങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. ഇവിടെയും വേട്ട നടത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഹുസൈന്‍ മേച്ചേരി പറഞ്ഞു. സുധീര്‍ മേച്ചേരി, യു ടി മുഹമ്മദ് ഹാജി, അലവി കൈനിക്കര, ഹംസപ്പ, പനിച്ചിയന്‍ കുട്ടി, വി പി ഫുആദ് സനീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷൂട്ടര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പന്നികളെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് സംസ്‌കരിച്ചു.

Exit mobile version