പ്രശസ്തമായ എച്ച് ബി ഒ പരമ്പരകളായ ‘ദി വയർ’, ‘വീപ്പ്’ എന്നിവയിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ നടൻ ഐസയ വിറ്റ്‌ലോക്ക് ജൂനിയർ (71) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ന്യൂയോർക്കിൽ വെച്ചാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ മാനേജർ അറിയിച്ചു. ‘ദി വയർ’ എന്ന പരമ്പരയിലെ അഴിമതിക്കാരനായ സ്റ്റേറ്റ് സെനറ്റർ ക്ലേ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
വിറ്റ്‌ലോക്കിന്റെ വിയോഗത്തിൽ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും നടനുമായ സ്പൈക് ലീ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “അദ്ദേഹം ഒരു ശുദ്ധാത്മാവായിരുന്നു, എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്,” എന്ന് ലീ അനുസ്മരിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരമ്പരയായ ‘വീപ്പ്‘ൽ പ്രതിരോധ സെക്രട്ടറി ജോർജ്ജ് മാഡോക്സ് എന്ന കഥാപാത്രത്തെയും അദ്ദേഹം മികവുറ്റതാക്കിയിരുന്നു. ഇൻഡ്യാന സ്വദേശിയായ അദ്ദേഹം കായികരംഗത്ത് നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്.

