Site iconSite icon Janayugom Online

തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപം ചെമ്പകപ്പള്ളില്‍ റംലത്തി (58) നെയാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് വിവരമറിയുന്നത്.ഇവരുടെ പെന്‍ഷന്‍ കാര്യത്തിനായി തോട്ടപ്പള്ളി മുസ്ലീം ജമാ അത്തില്‍ നിന്നുള്ള ജീവനക്കാരനായ അബൂബക്കര്‍ രാവിലെ 10 മണിയോടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ തിരികെ പോയി.

വൈകിട്ട് ഇവരുടെ തൊട്ടടുത്ത ബന്ധുക്കളായ സ്ത്രീകള്‍ കാണാനെത്തിയപ്പോഴും മുന്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അടുക്കള ഭാഗത്തെത്തിയപ്പോള്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. പിന്നീട് അകത്തു കയറി നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ കട്ടിലില്‍ മൃതദേഹം കണ്ടത്. സമീപത്ത് മുളക് പൊടി വിതറിയിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് നിന്നാണ് ഇവര്‍ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു.

Exit mobile version