കെഎസ്ഇബി പവർഗ്രിഡ് ജോലിക്കിടെ വൈദ്യുതിത്തൂണിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ അൻവർ അലിയാണ്(26) കുടുങ്ങിയത്. മല്ലപ്പള്ളി–കുമ്പനാട് 33 കെവി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടയിൽ യുവാവിന് ശാരീരിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
ഇതോടെ വൈദ്യുതി തൂണിൽ കുടുങ്ങിയ യുവാവിനെ മറ്റ് തൊഴിലാളികൾ ചേർന്ന് കയർ കെട്ടി താഴെ എത്തിച്ചു. കുമ്പനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച യുവാവിനെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ശാരീരിക അസ്വസ്ഥത ഉണ്ടായതാണ് യുവാവ് വൈദ്യുതി തൂണിൽ കുടുങ്ങാൻ കാരണമെന്നും രാവിലെ മുതൽ വൈദ്യുതി ബന്ധം വിഛേദിച്ചതാണെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

