Site iconSite icon Janayugom Online

വരും വര്‍ഷങ്ങളില്‍ ലോകം ചുട്ടുപൊള്ളും; ഇന്ത്യയിലും സ്ഥിതിഗതികള്‍ വഷളാകും

വരും വര്‍ഷങ്ങളില്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം. 2050ല്‍ ലോകത്തിന്റെ അന്തരീക്ഷ താപനില രണ്ട് ഡിഗ്രീ സെല്‍ഷ്യസിലെത്തിയാല്‍ ആഗോള ജനസംഖ്യയുടെ പകുതിയും (3.79 ബില്യണ്‍) കനത്ത ചൂടില്‍ താമസിക്കേണ്ടിവരുമെന്നാണ് ഓക്സ്ഫോഡ് സര്‍വകലാശാലയുടെ പഠനത്തെ വിശകലനം ചെയ്ത് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നേച്ചര്‍ സസ്റ്റയിനബിലിറ്റിയിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 23 ശതമാനവും കനത്ത ചൂടിന്റെ ഇരയാണ്. വരുന്ന പതിറ്റാണ്ടുകളില്‍ ഇത് 41 ശതമാനം വരെ ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യ ആഫ്രിക്കന്‍ മേഖല, നൈജീരിയ, ദക്ഷിണ സുഡാന്‍, ലാവോസ്, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം അപകടകരമായ രീതിയില്‍ ചൂട് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പ് രാജ്യങ്ങളില്‍ പോലും ചൂടേറിയ ദിവസങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. 2006–2016 കാലഘട്ടത്തെ അപേക്ഷിച്ച് ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ താപനില ഇരട്ടിയാകും. യുകെ, സ്വീഡന്‍‍, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ 150 %, നോര്‍വെ 200%, അയര്‍ലന്‍ഡ് 230% താപിനില വര്‍ധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഭൂമിയുടെ ചൂട് കൂടുന്നതിനനുസരിച്ച്, നമ്മൾ അനുഭവിക്കാൻ പോകുന്ന അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ കാഠിന്യം വർധിക്കാം. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനം 1.5 അല്ലെങ്കിൽ രണ്ട് ഡിഗ്രിയിൽ താഴെയായി പരിമിതപ്പെടുത്തുന്നത് അത്യന്തം ദുഷ്‌കരമാവും. ഹരിതഗൃഹവാതകകങ്ങൾ പുറത്തുവിടുന്നതിന്റെ അളവ് മിതമായി തുടർന്നാൽ പോലും അടുത്ത 40 വർഷത്തിനുള്ളിൽ ഈ രണ്ട് താപനപരിധിയും ലംഘിക്കപ്പെട്ടേയ്ക്കാം. അതിനാൽ, ആഗോളതാപനം പരിമിതപ്പെടുത്താൻ കാർബൺ ഡൈ ഓക്‌സൈഡ്‌, മീഥെയ്ൻ, മറ്റ് ഹരിതഗൃഹ വാതകങ്ങൾ എന്നിവയിൽ കാര്യക്ഷമമായി സുസ്ഥിരമായ കുറവ് വരുത്തേണ്ടത് ആഗോളതലത്തിൽ ആവശ്യമാണ്. ഭാവിയിൽ നമ്മൾ അനുഭവിക്കുവാൻ പോകുന്ന കാലാവസ്ഥ ഇപ്പോൾ നമ്മളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് പഠനത്തിന് നേതൃത്വം വഹിച്ച ഡോ. ജീസസ് ലിസാന പറഞ്ഞു.

Exit mobile version