ഫിഫ അണ്ടർ 20 ലോകകപ്പിൽ മൊറോക്കയ്ക്ക് കിരീടം. ഫൈനലിൽ കരുത്തരായ അർജന്റീനയെ ഇരട്ട ഗോളിന് വീഴ്ത്തി. ഇതോടെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. 2009ൽ ഘാന ഈ വിഭാഗത്തിൽ ലോക കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായിരുന്നു. മൊറോക്കോ നേടുന്ന ആദ്യ ലോകകിരീടം കൂടിയാണിത്.
ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ മൊറോക്കോയ്ക്ക് വേണ്ടി യാസിർ സാബിരി ഇരട്ട ഗോൾ നേടി.
പോർച്ചുഗീസ് ക്ലബായ എഫ്‌സി ഫമലിക്കാവോയ്‌ക്ക് വേണ്ടി കളിക്കുന്ന താരമാണ് യാസിർ. അണ്ടർ 20 വിഭാഗത്തിൽ മുമ്പ് ആറ് തവണ ജേതാക്കളായ ടീമാണ് അർജന്റീന. എന്നാല്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ അര്‍ജന്റീനയ്ക്ക് കാലിടറി.
ടൂർണമെന്റിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ അർജന്റീനയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വന്നു. സമനില നേടാൻ അർജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഗോൾകീപ്പർ ഇബ്രാഹിം ഗോമിസിന്റെ മികച്ച പ്രകടനം നിർണായകമായി.

