Site iconSite icon Janayugom Online

പെറോട്ടയും ബീഫും ആവശ്യപ്പെട്ട് ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ് പുരപ്പുറത്ത്

പെറോട്ടയും ബീഫും ആവശ്യപ്പെട്ട് ഒരു നാടിനെ ഒന്നാകെ വട്ടം ചുറ്റിച്ച് യുവാവ്. “ഇപ്പോൾ തന്നെ എനിക്ക് പെറോട്ടയും ബീഫും കിട്ടിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി അയൽവാസിയുടെ വീടിന്റെ മുകളിൽ കയറിയ ശ്രീധരൻ കിനാനൂർ — കരിന്തളം പ്രദേശവാസികളെ കുറച്ചൊന്നുമല്ല മുൾമുനയിൽ നിറുത്തിയത്. ‘മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ജീവനൊടുക്കും ഭീഷണി പ്രകടനം’ കാണാൻ ഒപ്പം കൂടിയ നാട്ടുകാർ താഴെയിറങ്ങി വാ… പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത്രക്കങ്ങ് വിശ്വസിക്കാൻ ശ്രീധരൻ തയ്യാറിയില്ല. പുരപ്പുറത്തിരിക്കുന്ന യുവാവിനെ പിടികൂടാൻ ഒടുവിൽ പൊലീസും ഫയർഫോഴ്സും എത്തി. വെറും കൈയോടെയല്ല, നല്ല അസൽ പെറോട്ടയും ബീഫുമായി തന്നെ. പൊലീസ് പെറോട്ടയുടെയും ബീഫിന്റെയും പൊതി തുറന്ന് യുവാവിന് പൊക്കി കാണിച്ചു കൊടുത്തു. അങ്ങനെ ശ്രീധരന്റെ മുഖം തെളിഞ്ഞു. താഴെയെത്തിയ ശ്രീധരന് പൊറോട്ടയ്ക്കും ബീഫിനും ഒപ്പം മുട്ടക്കറി കൂടി കൊടുത്തു പൊലീസും ഫയർ ഫോഴ്സും. ഇക്കാണിച്ച പ്രകടനത്തിനൊക്കെ കേസെടുത്ത് അകത്തിടാൻ ചുറ്റും കൂടി നിന്നവർ പൊലീസിനോട് പറഞ്ഞെങ്കിലും “ഒരു തവണ നിന്നോട് ക്ഷമിച്ചു, ഇനി മേലാൽ ഇത്തരം പണി കാണിക്കരുതെന്ന്” അധികൃതർ സ്നേഹരൂപേണ ശ്രീധരനോട് താക്കീത് നൽകി മടങ്ങി. 

Exit mobile version