Site iconSite icon Janayugom Online

വാക്കേറ്റത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ മര്‍ദനത്തില്‍ തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു

വാക്കേറ്റത്തെ തുടർന്ന് സുഹൃത്തുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റ് കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകന്‍ സുരേഷ്‌കുമാര്‍ (അപ്പു-30) ആണ് മരിച്ചത്. കഴിഞ്ഞ 20‑നായിരുന്നു സംഭവം. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികള്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. 

പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല. ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9.45-ഓടെയാണ് മരിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. പുളിങ്കുന്ന് പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോര്‍ച്ചറിയില്‍. അമ്മ: കൃഷ്ണമ്മ. സഹോദരി: ശ്രുതി. സംസ്‌കാരം കഴിഞ്ഞു.

Exit mobile version