Site iconSite icon Janayugom Online

ആംബുലൻസ് ജീവനക്കാരുടെ സംരക്ഷണയിൽ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവം

ആംബുലൻസ് ജീവനക്കാരുടെ സംരക്ഷണയിൽ യുവതിക്ക് കാറിനുള്ളിൽ സുഖപ്രസവം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരീലകുളങ്ങരയിൽ താമസിക്കുന യുവതിക്ക് പുലർച്ചെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 108 ആംബുലൻസ് വിളിക്കുകയും തൊട്ടടുത്ത് ആംബുലൻസ് സേവനം ഇല്ലാത്തതിനാൽ യുവതിയെ കാറിൽ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ആശുപത്രി കവാടത്തിൽ എത്തിയപ്പോൾ യുവതിക്ക് വേദന കൂടുകയും കാറിൽ നിന്ന് ഇറങ്ങി വരാൻ കഴിയാത്ത അവസ്ഥയുമായി. ഇതേസമയം കായംകുളം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് മറ്റൊരു രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഈ രംഗങ്ങൾ കാണുന്നത്. ഉടൻതന്നെ കായംകുളം 108 ആംബുലൻസ് ഡ്രൈവർ അൽ മാഹീൻ, നഴ്‌സ് ഷെൽബി മോൾ എന്നിവർ അടിയന്തരമായി തന്നെ യുവതിക്ക് വേണ്ട പരിചരണം നൽകി ആംബുലൻസിൽ ഉണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തത് ആശുപത്രി ജീവനക്കാരെ ഏൽപ്പിക്കുകയ്യിരുന്നു.

ഇതിനു ശേഷമാണ് ഇവർ രോഗിയുമായി അവിടെ നിന്നും തിരിച്ചത്. കരിയിലക്കുളങ്ങര പുത്തൻ തറയിൽ വീട്ടിൽ വിനീതിന്റെ ഭാര്യ സുബിയാണ് (24) പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു.

Exit mobile version