Site iconSite icon Janayugom Online

പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുവാവ് കടലില്‍ ചാടി; ലക്ഷദ്വീപ് കളക്ടറിന് പരാതി നല്‍കി നാട്ടുകാര്‍

ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ആളെ കാണാതായതായി പരാതി. സംഭവത്തില്‍ പൊലീസിനനെതിരെ നാട്ടുകാര്‍ ലക്ഷദ്വീപ് കളക്ടറിന് പരാതി നല്‍കി. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വൈകല്യങ്ങളുണ്ടായിരുന്ന അബ്ദു റഹ്‌മാന്‍(44) എന്ന ആളെയാണ് കാണാതായത്. കഴിഞ്ഞ ആഴ്ച ആളുകളെ പ്രകോപിക്കാന്‍ ശ്രമിച്ചതിന് അബ്ദു റഹ്‌മാനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സമാധാനപരമായി ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ ഇയാള്‍ കടല്‍ തീരത്തേക്ക് നടന്നടുക്കുകയുമായിരുന്നു. കടലിലിറങ്ങി നീന്തി തുടങ്ങിയ അബ്ദുറഹ്മാനെ രക്ഷിക്കാന്‍ ശ്രമിക്കാതെ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു.  നാട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ തടയുകയും വിരട്ടി ഓടിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഗാന്ധി ദ്വീപിലേക്ക് നീന്തിയടുത്ത അബ്ദുറഹ്മാന്‍ രക്ഷപ്പെടുത്താനെത്തിയ ആളുള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.  ചില മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വന്നെങ്കിലും പൊലീസുകാര്‍ അവരെയും തടയുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതര്‍ നേവിയെയോ കോസ്റ്റ് ഗാര്‍ഡിനെയോ വിവരമറിയിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബം അബ്ദുള്‍ റഹ്‌മാനായി കാത്തിരിക്കുകയാണ്. കാണാതായ അബ്ദുള്‍ റഹ്‌മാന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികള്‍ കളക്ടറിന് പരാതി നല്‍കിയത്.

Exit mobile version