വീട്ടുകാരും നാട്ടുകാരുടെയും അന്വേഷണം ഫലപ്രാപ്തിയിലെത്തിയില്ല. യൂട്യൂബിലെ മിന്നും താരമായിരുന്ന ചോട്ടു എന്ന നായയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർപുരയിടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വെളിനല്ലൂർ ആറ്റൂർക്കോണം മുളകുവിള വീട്ടിൽ ദിലീപിന്റെ വളർത്തുനായ ചോട്ടുവിനെ കഴിഞ്ഞ ഞായറാഴ്ച വെളുപ്പിനെ മുതലാണ് കാണാതായത്. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന ചോട്ടു യൂട്യൂബ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ചോട്ടുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ‘പൈറോ‘യും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് വീട്ടിൽ നിന്നും 250 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് കൊല്ലത്ത് നിന്നെത്തിയ വെറ്റിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി ജഡം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
പുറത്ത് നിന്നു മറ്റ് നായ്ക്കളോ പൂച്ചകളോ വീട്ടുപരിസരത്തെത്തിയാൽ ഓടിച്ച് വിടുന്ന പതിവ് ചോട്ടുവിനുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും മൃഗങ്ങളെ ഓടിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കുട്ടിക്കാലം മുതൽ ദിലീപ്കുമാറിനൊപ്പം ചേർന്ന ചോട്ടു മൂന്നുവർഷമായി ദിലീപിന്റെ ഒപ്പമുണ്ട്. കഴിഞ്ഞവർഷം ദിലീപ് തുടങ്ങിയ ചോട്ടൂസ് ബ്ലോഗ് എന്ന യൂട്യൂബ് ചാനലിൽ 42 വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 70.8 ലക്ഷം പേരാണ് ഇവ കണ്ടത്. വീടിന്റെ ജനാലകൾ തുറക്കുന്നതും വീട്ടുകാരെ ഉണർത്തുന്നതുമെല്ലാം ചോട്ടുവാണ്. രാവിലെ വഴിയിലിടുന്ന പത്രം എടുക്കുന്നതു മുതൽ ചോട്ടുവിന്റെ ഡ്യൂട്ടി തുടങ്ങും. ദിലീപ് പത്രവായനയ്ക്ക് ഇരിക്കുമ്പോൾ കണ്ണടയുമായി എത്തും.
കൃഷിയിടത്തിലെ സഹായിയായും ചോട്ടു എപ്പോഴുമുണ്ടാകും. ദിലീപിന്റെ പരിശീലനത്തിൽ വളർന്ന ചോട്ടു അക്കങ്ങൾ പറഞ്ഞാൽ കൃത്യമായി കുരയ്ക്കുകയും പറയുന്നതൊക്കെ അപ്പടി അനുസരിക്കുകയും ചെയ്യുമായിരുന്നു. ദിലീപ് സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ ഒപ്പം കൂടുന്ന ചോട്ടു നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
english summary; The YouTube star chotu the dog died
you may also like this video;