Site icon Janayugom Online

തിയേറ്ററുകള്‍ നാളെ തുറക്കും; പ്രദര്‍ശനം ബുധനാഴ്ച മുതല്‍

സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ തുറക്കുമെങ്കിലും പ്രദർശനം ബുധനാഴ്ച മുതലെന്ന് ഉടമകൾ. രണ്ട് ഡോഡ് വാക്സിൻ സ്വീകരിച്ച 50 ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനം. അതേസമയം സർക്കാരിനോട് കൂടുതൽ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊച്ചിയിൽ ചേർന്ന തിയേറ്റർ ഉടമകളുടെ യോഗം വ്യക്തമാക്കി.

ദീപാവലി ചിത്രങ്ങൾ അടുത്താഴ്ച മുതൽ പ്രദർശനം ആരംഭിക്കും. അന്യഭാഷ ചിത്രങ്ങളുമായാണ് തിയേറ്ററുകൾ പ്രദർശനം ആരംഭിക്കുന്നത്. ബുധനാഴ്ച ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം എന്ന ഇംഗ്ലീഷ് ചിത്രവുമാണ് പ്രദർശനത്തിന് എത്തുന്നത്. വ്യാഴാഴ്ച പൃഥിരാജിന്റെ സ്റ്റാർ, ശിവകാർത്തികേയന്റെ ഡോക്ടർ എന്ന ചിത്രവും പ്രദർശനത്തിന് എത്തും. ദിവസേന നാല് ഷോ ഉണ്ടായിരിക്കും.

ഒടിടി റിലീസുകളെ പറ്റി ആശങ്കയുണ്ട്. ഇക്കാര്യത്തിൽ താരങ്ങളോടും നിർമ്മാതാക്കളോടും സംസാരിച്ചിട്ടുണ്ട്. ഒടിടി എന്നത് താൽക്കാലിക പ്രതിഭാസം മാത്രമാണ്. മോഹൻലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഉടമകൾ വ്യക്തമാക്കി. കൂടുതൽ മലയാളം സിനിമകൾക്കായി 25 മുതൽ 27 വരെ ചർച്ച നടത്തും. റിലീസിനായി നിർമ്മാതാക്കൾ പ്രത്യേകം ചാർട്ട് തയാറാക്കും. എല്ലാ നടന്മാരുമായും നിർമ്മാതാക്കളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. തിയേറ്ററിൽ നിന്നും സിനിമകൾക്കു നൽകുന്ന തുകയ്ക്ക് ഏകീകരണം വേണമെന്ന ആവശ്യവും സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. എല്ലാ കാണികൾക്കും തിയേറ്ററുകളിലേക്ക് ധൈര്യമായി എത്താമെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തിയേറ്റർ തുറക്കുക എന്നും യോഗത്തിനു ശേഷം ഭാരവാഹികൾ അറിയിച്ചു. തിയേറ്ററുടമകളുടെ സംഘടന (ഫിയോക്) പ്രസിഡന്റ് കെ വിജയകുമാർ, സെക്രട്ടറി സന്തോഷ് ജേക്കബ്, വൈസ് പ്രസിഡന്റ് സോണി തോമസ്, ട്രഷറർ സാജു ജോണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Eng­lish Sum­ma­ry: The­aters will open tomor­row; The show starts on Wednesday

 

You may like this video also

Exit mobile version