ബ്രിട്ടനിലെ ബ്രിസ്റ്റോളിലെ ഒരു മ്യൂസിയത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ ബ്രിട്ടീഷ് ഭരണകാലത്തുള്ള ഇന്ത്യന്‍ പുരാവസ്തുക്കളും മോഷണം പോയി. അമൂല്യമായ 600 ലധികം വസ്തുക്കളാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. മോഷണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് മ്യൂസിയത്തിലെ ‘ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത്’ ശേഖരത്തില്‍ നിന്ന് വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം.
സംഭവസ്ഥലത്ത് കണ്ട നാല് യുവാക്കളുടെ വ്യക്തമല്ലാത്ത സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആനക്കൊമ്പില്‍ തീര്‍ത്ത ബുദ്ധപ്രതിമ, ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിള്‍ എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. കവര്‍ച്ച പോയ വസ്തുക്കള്‍ ബ്രിട്ടീഷ് ചരിത്രത്തിന്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന ശേഖരത്തിന്റെ ഭാഗമാണ്.

