കൊല്ലംകോട് ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ മോഷണം. തിരുവോണ ദിവസത്തിൽ വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നാല് ചാക്കുകളിലായി മദ്യക്കുപ്പികൾ മോഷ്ടിച്ചതായി ജീവനക്കാർ അറിയിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശം പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇന്ന് രാവിലെ ഔട്ട്‌ലെറ്റ് തുറക്കാൻ എത്തിയപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിഞ്ഞത്.
കൊല്ലംകോട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ പ്രദേശവാസി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോഷണം പോയ മദ്യത്തിന്റെ അളവ് കണക്കെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

