ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിൽ നടന്ന മോഷണക്കേസിൽ കൊട്ടാരം ജീവനക്കാരൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ വിചാരണ അടുത്ത വർഷം ഫെബ്രുവരി 26ന് ആരംഭിക്കും. കൊട്ടാരത്തിലെ വെള്ളിപ്പാത്രങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള പുരാവസ്തുക്കളുടെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 13 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെ വിലമതിക്കുന്ന വസ്തുക്കളാണ് കൊട്ടാരത്തിൽ നിന്ന് കടത്തിയത്.
കൊട്ടാരത്തിലേക്ക് പാത്രങ്ങൾ വിതരണം ചെയ്യുന്ന ‘സെവ്രെസ് മാനുഫാക്ചറി’ എന്ന സ്ഥാപനം തങ്ങളുടെ പ്രത്യേക ഉൽപ്പന്നങ്ങൾ ഓൺലൈൻ ലേല സൈറ്റുകളിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് ഈ തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരം ജീവനക്കാരന്റെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും നൂറോളം വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. വെള്ളിപ്പാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ, സെവ്രെസ് പോഴ്‌സലൈൻ, ലാലിക് പ്രതിമകൾ, ബാക്കററ്റ് ഷാംപെയ്ൻ കപ്പുകൾ എന്നിവയാണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്.
മോഷണം നടത്തിയ ജീവനക്കാരന് പുറമെ, മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ സഹായിച്ച ലേല വെബ്‌സൈറ്റ് മാനേജരെയും സാധനങ്ങൾ വാങ്ങിയ മറ്റൊരാളെയുമാണ് അധികൃതർ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ദേശീയ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കൾ മോഷ്ടിച്ചതിന് ഇവർക്ക് പത്ത് വർഷം വരെ തടവും ഒന്നര ലക്ഷം യൂറോ പിഴയും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ കണ്ടെടുത്ത വസ്തുക്കൾ കൊട്ടാരത്തിന് കൈമാറിക്കഴിഞ്ഞു.

