എന്‍സിഇആര്‍ടി സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും പാഠപുസ്തകത്തില്‍ നിന്ന് പുറത്ത്. ഇതിനെതിരെ പ്രതിഷേധവുമായി ശാസ്ത്രലോകം. പത്താംക്ലാസിലെ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ 1800ലധികം ശാസ്ത്രജ്ഞരും അധ്യാപകരും പ്രതിഷേധിച്ചു. അധ്യായം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഡാര്‍വിന്‍ സിദ്ധാന്തം നീക്കം ചെയ്തതില്‍ ആശങ്കയും അതൃപ്തിയും അറിയിച്ച് ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശാസ്ത്രകാരന്മാരും അധ്യാപകരും കത്ത് നല്കിയിരിക്കുന്നത്.
‘പരിണാമം’, ‘സ്വീകരിച്ചതും പാരമ്പര്യമായി ലഭിച്ചതുമായ സ്വഭാവവിശേഷങ്ങള്‍’, ‘പരിണാമ ബന്ധങ്ങള്‍ കണ്ടെത്തല്‍’, ‘ഫോസിലുകള്‍, ‘ഘട്ടങ്ങളിലൂടെയുള്ള പരിണാമം’, ‘പരിണാമം പുരോഗതിയുമായി തുലനം ചെയ്യപ്പെടരുത്’, ‘മനുഷ്യ പരിണാമം’ എന്നിവയാണ് ഒഴിവാക്കപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്. ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായത്തിന് പകരം ‘പാരമ്പര്യം’ മാത്രമേ ഉണ്ടാകൂ എന്ന് എന്‍സിഇആര്‍ടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
കോവിഡ് കാലത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തിലെ ഡാര്‍വിന്‍ സിദ്ധാന്തം താല്‍ക്കാലികമായി നീക്കം ചെയ്തിരുന്നു. ഇപ്പോഴിത് പൂര്‍ണമായി നീക്കം ചെയ്തിരിക്കുകയാണെന്ന് ബിഎസ്എസ് ചൂണ്ടിക്കാട്ടി. ശാസ്ത്രത്തിലെ പ്രധാന കണ്ടെത്തലുകളും സിദ്ധാന്തങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ ചിന്താപ്രക്രിയകള്‍ക്ക് ഗുരുതര വൈകല്യങ്ങളുണ്ടാക്കുമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ 9,10 ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളില്‍ പ്രാധാന്യത്തോടെ ഇത് പഠിപ്പിക്കണമെന്നും ശാസ്ത്രലോകം ആവശ്യപ്പെട്ടു.
English Summary: Theory of evolution is also out of the syllabus
You may also like this video