Site icon Janayugom Online

വേണ്ടത് തെറാപ്പികളും ഷെല്‍ട്ടര്‍ ഹോമുകളും

therapy

ട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് ഏറെക്കാലം, ചിലപ്പോള്‍ ജീവിതം മുഴുവനും, വിവിധ തരത്തിലുള്ള തെറാപ്പികള്‍ ആവശ്യമുണ്ട്. സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴിലായി ഇതിനുള്ള കേന്ദ്രങ്ങളും ബഡ്സ് സ്കൂളുകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊന്നും പോരാതെ വരുന്നു. ചിലയിടങ്ങളില്‍ രക്ഷിതാക്കളുടെ മുന്‍കയ്യില്‍ ഇതിനുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതീവ ശോചനീയാവസ്ഥയിലാണ് അതെല്ലാം.
സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയാണ് പ്രധാനമായും വേണ്ടത്. ഒരാള്‍ക്ക് ഒരു അധ്യാപകന്‍/അധ്യാപിക എന്ന നിലയില്‍ ആവശ്യമുണ്ട്. എന്നാല്‍ പലയിടങ്ങളിലും ആകെ ഒന്നോ രണ്ടോ തെറാപ്പിസ്റ്റുകള്‍ മാത്രമാണുള്ളത്. ആഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ മാസത്തില്‍ നാല് ക്ലാസുകള്‍ മാത്രം ലഭിക്കുന്ന സ്ഥിതിയാണ്. ദിവസവും ലഭിക്കുന്ന തെറാപ്പികളിലൂടെ മാത്രം മുന്നോട്ട് പോകാന്‍ പറ്റുന്ന നിലയിലുള്ളവര്‍ ഉള്ളിടത്താണ് ഇങ്ങനെ പേരിന് മാത്രം തെറാപ്പികള്‍ നല്‍കുന്നത്. സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സേവനവും ലഭ്യമാക്കേണ്ടതുണ്ട്.
സ്പീച്ച്, ബിഹേവിയര്‍, ഒക്കുപ്പേഷണല്‍ തെറാപ്പികള്‍ നല്‍കുന്ന സ്വകാര്യസ്ഥാപനങ്ങളില്‍ വലിയ ഫീസ് നല്‍കണം. ഒരു മണിക്കൂറോ, മുക്കാല്‍ മണിക്കൂറോ മാത്രമുള്ള ഓരോ ക്ലാസുകള്‍ക്ക് 350 രൂപ മുതല്‍ 1200 രൂപ വരെ ഈടാക്കുന്നവയാണ് ഭൂരിഭാഗവും. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് 15,000 രൂപ വരെ രക്ഷിതാക്കള്‍ ഇതിനായി ചെലവഴിക്കേണ്ടിവരുന്നു. പലരെയും ബസുകളില്‍ കൊണ്ടുപോകാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങളുള്ളതിനാല്‍, സ്വന്തം വാഹനത്തിലോ ഓട്ടോറിക്ഷയിലോ എത്തിക്കണം. യാത്രാച്ചെലവ് കൂടിയാകുമ്പോള്‍ കുടുംബത്തിന് താങ്ങാനാകാത്ത നിലയിലേക്ക് ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്നു.

സാധാരണ/ഇടത്തരം കുടുംബങ്ങളിലെ പല രക്ഷിതാക്കളും തെറാപ്പികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലെത്തും. തെറാപ്പികള്‍ നിര്‍ത്തിയതിലൂടെ നില കൂടുതല്‍ ഗുരുതരമായ അനുഭവങ്ങള്‍ രക്ഷിതാക്കള്‍ പങ്കുവയ്ക്കുന്നു. സര്‍ക്കാരിന്റെ കീഴില്‍ സൗജന്യമായി തെറാപ്പികള്‍ നല്‍കുന്നതിനായുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നതാണ് പരിഹാരം. 10 കിലോമീറ്റര്‍ ദൂരത്തില്‍ പോലും ഓരോ ദിവസവും ഓട്ടോറിക്ഷയില്‍ പോയി വരുന്നതിന്റെ വലിയ ചെലവ് കാരണമാണ് പലര്‍ക്കും ദിവസവും തെറാപ്പി നല്‍കാന്‍ കഴിയാത്തത്. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു കേന്ദ്രമെങ്കിലും സ്ഥാപിക്കുകയും ആവശ്യമായത്ര തെറാപ്പിസ്റ്റുകളെ നിയമിക്കുകയും വേണം. ഇതോടൊപ്പം, ജില്ലയില്‍ ഒരു കേന്ദ്രത്തിലെങ്കിലും അടിയന്തര ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. കുട്ടികളെ രക്ഷിതാക്കള്‍ക്ക് നോക്കാന്‍ പറ്റുമെങ്കിലും അവര്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ പ്രായമേറിയ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ നോക്കിനടത്താന്‍ പറ്റാത്ത അവസ്ഥയിലാകും. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും താമസിക്കാനും തെറാപ്പികളും മറ്റ് പിന്തുണാ സംവിധാനങ്ങളും തൊഴില്‍പരിശീലനവും ലഭിക്കാനും ഷെല്‍ട്ടര്‍ ഹോമുകളില്‍ അവസരമുണ്ടാകണം. വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിച്ചപ്പോഴും, സര്‍ക്കാര്‍ തലത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകളെക്കുറിച്ച് ആലോചനകളുണ്ടായില്ലെന്നതാണ് നമ്മുടെ സംവിധാനങ്ങളുടെ പരിമിതി. 

ഇതോടൊപ്പം, പല തട്ടിപ്പുകളിലും രക്ഷിതാക്കള്‍ ചെന്ന് വീഴുന്നുണ്ട്. ഒരു മാസം കൊണ്ട് ഓട്ടിസം പൂര്‍ണമായും മാറ്റാം എന്ന പരസ്യം നല്‍കിയ നാദ യോഗ സെന്റര്‍ എന്ന സ്ഥാപന ഉടമയെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത് ഈയടുത്താണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍, ഓട്ടിസം ഉള്‍പ്പെടെ വിവിധ രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഇവിടെ ചികിത്സ നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് വലിയ തുക ഫീസ് ഈടാക്കിയും മറ്റും ഈ രക്ഷിതാക്കളെ കബളിപ്പിക്കുന്നത്. മക്കളുടെ അവസ്ഥ കണ്ട് വേദനിക്കുന്ന രക്ഷിതാക്കള്‍ എങ്ങനെയെങ്കിലും ഇതില്‍ നിന്ന് കരകയറണമെന്നുള്ള പ്രതീക്ഷയിലാണ് ഇത്തരക്കാരുടെ വലയില്‍ ചെന്ന് വീഴുന്നത്.
.….….….….….….….….….….….….….….….….….….…
നാളെ: നവകേരളത്തിന്റെ മുന്‍ഗണനയില്‍ ഇവരും വേണം
.….….….….….….….….….….….….….….….….….….…

Eng­lish Sum­ma­ry: What is need­ed are ther­a­pies and shel­ter homes

You may also like this video

Exit mobile version