Site iconSite icon Janayugom Online

അങ്കത്തട്ടിൽ 711 അങ്കണവാടിക്കാർ

കുഞ്ഞുങ്ങളെ വളർത്തിയ കൈകൾ ഇനി നാടിന്റെ ഭാവി രൂപപ്പെടുത്താനുള്ള തിരക്കിലാണ്. ക്ലാസ് മുറിയിൽനിന്ന് പഞ്ചായത്തിലേക്കുള്ള യാത്രയിൽ ജനവിധി തേടുന്നത് സംസ്ഥാനത്തെ 711 അങ്കണവാടി ജീവനക്കാരാണ്. അങ്കണവാടി വർക്കർമാരായ 560 പേരും ഹെല്പർമാരായിട്ടുള്ള 151 പേരുമാണ് മത്സരരംഗത്തുള്ളത്.
തൃശൂരിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. 82 പേരിൽ 66 വർക്കർമാരും 16 ഹെല്പരുമുണ്ട്. രണ്ടാമത് മലപ്പുറം-78, എറണാകുളം-73പേർ. ഏറ്റവും കുറവ് കാസർകോടും (21). അതേസമയം ഏറ്റവും കൂടുതൽ ഹെല്പർമാർ മത്സരിക്കുന്നത് എറണാകുളത്താണ് 20 പേർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ പേരാണ് ഇത്തവണ അങ്കത്തട്ടിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കൃത്യമായ കണക്കുകൾ എടുത്തിട്ടില്ല.
മത്സരിക്കുന്നവർ അവധിയിൽ പ്രവേശിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. സ്ഥിര നിയമനക്കാരിൽ മത്സരിക്കുന്നവർ വിജയിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ അവധി തുടരേണ്ടി വരും. അല്ലാത്തവർക്ക് അങ്കണവാടിയിലും തുടരാമെന്നതാണ് വ്യവസ്ഥ. തീവ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാരായി അങ്കണവാടിജീവനക്കാരെ നിയമിച്ചിരിക്കുന്നത് അങ്കണവാടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ കുട്ടികളുള്ള ഇടങ്ങളിൽ പഠനം കൃത്യമായി നടത്താൻ കഴിയുന്നില്ല. പോഷകാഹാരം കൃത്യമായി നൽകുന്നതിന് കുട്ടികൾ കുറവുള്ള അങ്കണവാടിയിൽ നിന്ന് ജീവനക്കാരെ താൽക്കാലികമായി മറ്റും നിയമിച്ചാണ് നൽകിവരുന്നത്. എന്നാൽ പ്രീ സ്കൂൾ പാഠ്യപദ്ധതിക്കനുസരിച്ചുള്ള പ്രവർത്തനം താളംതെറ്റുന്നുണ്ട്. 

Exit mobile version