കത്തുന്ന വെയിലിൽ തണലായി, കോരി ചൊരിയുന്ന മഴയിൽ താങ്ങായി.… ഏതൊരാളുടെയും നിത്യ ജീവിതത്തിൽ കുട ചിലത്തുന്ന സ്വാധീനം ചെറുതല്ല. ചേമ്പിലയും തെങ്ങോലയും വാഴയിലയും തൊപ്പി പാളയുമെല്ലാം കാലത്തിന് വഴിമാറിയപ്പോൾ കുട കാരണവരുടെ സ്ഥാനത്തായി . ജീവിതത്തിൽ ഒരിക്കലെങ്കിലും കുടയെ ആശ്രയിക്കാത്തവർ അപൂർവ്വം. കുട്ടിക്കാലത്ത് ഏതൊരാളുടെയും സ്വപ്നമായിരുന്നു ഒരു കുട സ്വന്തമാക്കുക എന്നത്. സ്‌കൂൾ തുറക്കുമ്പോൾ പുസ്തകവും ബാഗും പേനയും പെൻസിലുമെല്ലാം വാങ്ങിയാലും കുട കൂടിയില്ലാതെ മുഖം തെളിയാത്ത ബാല്യം ഏതൊരാൾക്കും ഉണ്ടാകാം. നിറമുള്ള സ്വപ്നങ്ങളുടെ ലോകത്ത് കഴിയുന്ന കുട്ടികൾക്ക് എപ്പോഴും ഇഷ്ട്ടം വർണ്ണ കുടകളോടായിരിക്കും. സ്വന്തം പേരെഴുതിയ കുടയുമായി ഞെളിഞ് നടക്കുമ്പോൾ എന്തൊരു നിർവൃതി ആയിരിക്കും കുഞ്ഞു മനസുകളിൽ . അപ്രതീക്ഷമായി കാലം തെറ്റി വരുന്ന മഴയിൽ കൈയിലുള്ള കുട പലപ്പോഴും അഭിമാനമായി മാറാറുണ്ട്. എന്നാൽ പല തരത്തിലും ഉപകാരിയായി മാറുന്ന കുടയോടുള്ള നമ്മുടെ മനോഭാവമോ?. അത്ര താൽപര്യത്തോടെ അല്ല പലപ്പോഴും നമ്മൾ കുടയെ സമീപിക്കുന്നത്.
ഗ്രീസിൽ തുടക്കം
കുട നിർമാണമായും ഉപയോഗമായും ബന്ധപ്പെട്ട ചരിത്രങ്ങളും നിരവധി. വെയിലിനെ പ്രതിരോധിക്കാനായി നൂറ്റാണ്ടുകൾക്ക് മുൻപ് ഗ്രീസിലാണ് കുട ഉപയോഗം ആദ്യം തുടങ്ങിയത്. പിന്നീട് ഈജിപ്റ്റ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും കുട എത്തിയെന്ന് ചരിത്രം പറയുന്നു. നീളമുള്ള കാലിൽ പ്രത്യേകതരം തുണികളിൽ ആണ് അവ നിർമിച്ചിരുന്നത്. രാജാക്കന്മാരും രാജ കുടുംബാംഗങ്ങൾക്കും മാത്രമായിരുന്നു കുട ഉപയോഗിക്കുവാൻ അനുമതിയുള്ളു.17 -ാം നൂറ്റാണ്ട് ആയപ്പോൾ ഫ്രാൻസിൽ സിൽക്കിൽ നിർമിതമായ കുട പുറത്തിറങ്ങി. 1882ൽ സാമുവൽ ഫോക്സ് എന്നയാളാണ് കാലോട് കൂടിയ കുട ആദ്യമായി പുറത്തിറക്കിയത്. ഈ കാലത്ത് തന്നെ കുടക്ക് അമ്പ്രാല എന്ന പേരും ലഭിച്ചു. നിഴൽ എന്ന് അർത്ഥമുള്ള അംബ്രോസ് എന്ന ലാറ്റിൻ വാക്കിൽ നിന്ന് രൂപപ്പെട്ട പേര് നൽകിയത് ജോണസ്ഹാൻവെ ആയിരിന്നു.
ആലപ്പുഴ ഈറ്റില്ലം
കുട നിർമാണത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴ . രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് പാകിസ്ഥാൻ സ്വദേശി കാസിം കരിം സേട്ടിൽ നിന്നാണ് ആലപ്പുഴയുടെ കുട ചരിത്രം ആരംഭിക്കുന്നത് . ആദ്യമായി ആലപ്പുഴയിൽ കുട വ്യാപാരം തുടങ്ങിയ കാസിം സേട്ടിനൊപ്പം അമ്പലപ്പുഴ തയ്യിൽ എബ്രഹാം വർഗീസും ചേർന്നു . രണ്ടാം ലോക മഹായുദ്ധ കാലത്ത് വിദേശത്തേക്ക് പോയ സേട്ട് ബിസിനസ് ഏബ്രഹാം വർഗീസിനെ ഏൽപ്പിച്ചു . വിഭജന കാലത്ത് സേട്ട് നാട്ടിലേക്ക് മടങ്ങി . തുടർന്ന് ഏബ്രഹാം വർഗീസ് എസ് കുമാരസ്വാമി റെഡ്യാറുടെ രാധാകൃഷ്‌ണ അംമ്പർല്ല മാർട്ടിൽ ചേർന്ന് ബിസിനസ് പങ്കാളിയായി . 1954 ൽ ഏബ്രഹാം വർഗീസ് ഇരുമ്പ് പാലത്തിന് സമീപം സെന്റ് ജോർജ്ജ് എന്ന സ്ഥാപനം തുടങ്ങിയതോടെ ആലപ്പുഴ കുടയുടെ പ്രസക്തി കടൽകടന്നു . 1995 ഏബ്രഹാം വർഗീസിന്റെ മക്കൾ ബിസിനസിൽ വഴി പിരിഞ്ഞ് രണ്ട് സ്ഥാപനമായി . അങ്ങനെയാണ് സെന്റ് ജോർജ്ജ് എന്ന സ്ഥാപനം പോപ്പിയും ജോൺസുമായി മാറിയത് . ഇന്ത്യയിലെ തന്നെ കുട വിപണിയിലെ മുക്കാൽ പങ്കും കൈയാളുന്നത് ഈ സ്ഥാപനങ്ങളാണ് .
സർവ്വാധികാരത്തിന്റെ മുഴുത്ത ചിഹ്നം
നീണ്ടു കൂർത്ത മരക്കാലും വളഞ്ഞ പിടിയും പരുപരുത്ത തുണികളുമുള്ള വലിയ കുടകൾ പണ്ട് കാലത്ത് കാരണവന്മാരുടെ സർവ്വാധികാരത്തിന്റെ മുഴുത്ത ചിഹ്നമായിരിന്നു. വീട്ടിലുള്ളവരും നാട്ടുകാരും കാലനെപ്പോലെ കാരണവൻമാരെ കണ്ട കാലം. മറ്റാർക്കും ആ കുടയെടുക്കുവാനോ തൊടാനോ അവകാശമില്ല. ക്രമേണ അവെരെടുക്കുന്ന കുടക്ക് കാലൻ കുടയെന്ന പേരും ലഭിച്ചു. സമൂഹത്തിൽ അനാചാരങ്ങൾ കുട പിടിച്ച കാലത്ത് അപമാനത്തിന്റെയും അടിമത്തത്തിന്റെയും പ്രതീകമായും കുട മാറി. അന്ന് ബ്രാഹ്മണ സ്‌ത്രീകൾ പുറത്തിറങ്ങുമ്പോൾ താഴ്ന്ന ജാതിക്കാരുടെയും പുരുഷൻമാരുടെയും ദർശനം ഒഴിവാക്കാൻ കുട മറയായി ഉപയോഗിച്ചു. അത്തരം കുടകൾക്ക് മറകുട എന്ന പേരും വീണു. പല രാജാക്കന്മാരും അധികാരത്തിന്റെ ചിഹ്നമായി കുടയെ ഉപയോഗിച്ചത് ചരിത്രം. രാജാവ് ഉപയോഗിക്കുന്ന രഥത്തിന്റെ മുകളിലായിരിക്കും കുടയുടെ സ്ഥാനം. രാജാവ് യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ ഈ കുട സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സൈന്യത്തിന് ആയിരിന്നു. ശത്രു സൈന്യം ഈ കുട വീഴ്ത്തിയാൽ രാജ്യം കീഴടങ്ങി എന്നായിരുന്നു അർത്ഥം .
കോവിഡ് വ്യാപനം തിരിച്ചടിയായി
കോവിഡ് കാലം കുട വിപണിക്ക് തിരിച്ചടിയുടെ കൂടി കാലം ആയിരിന്നു.വിൽപന ശാലകളും നിർമാണ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ കുടയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. ഏറ്റവും കൂടുതൽ വിപണനം നടക്കുന്നത് മെയ്, ജൂൺ മാസങ്ങളിൽ ആണ്. കാല വർഷവും അധ്യയന വർഷാരംഭവുമാണ് കുട വിപണിയെ സജീവമാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങാതെ ആയതും വിപണിക്ക് തിരിച്ചടിയായി. വൻ കിട നിർമാതാക്കൾക്കൊപ്പം പ്രാദേശിക നിർമാതാക്കളും വർഷങ്ങളോളം നിർമാണം നിർത്തി.
നിർമാണത്തിന് കടമ്പകളേറെ
കുട നിർമാണത്തിന് കടമ്പകളേറെ . ആദ്യ ഘട്ടങ്ങളിൽ ഉത്പാദനത്തിനായി തുണിത്തരങ്ങൾ, പക്ഷി തൂവലുകൾ, കടലാസ്, മരത്തിന്റെ ഇലകൾ മുതലായവ ഉപയോഗിച്ചു. മഴയിൽ നിന്ന് ഒരു വ്യക്തിയെ സംരക്ഷിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. അതിനാൽ, ജലത്തെ അകറ്റുന്ന തുണിത്തരങ്ങൾ ഉപയോഗിച്ച് തുടങ്ങി. നൈലോൺ, പോംഗി, സിൽക്ക്, സാറ്റിൻ, പോളിസ്റ്റർ തുടങ്ങിയവയും പരീക്ഷിച്ചു. നൈലോൺ വിലകുറഞ്ഞ കുടകൾ നിർമ്മിക്കുന്ന വിലകുറഞ്ഞ മെറ്റീരിയലാണ് ഇത് താരതമ്യേന വേഗത്തിൽ ഉപയോഗശൂന്യമാവുകയും മങ്ങുകയും എളുപ്പത്തിൽ കീറുകയും ചെയ്യും. ബ്രൈറ്റ് നിറങ്ങൾ പ്രായോഗികമായി മെറ്റീരിയൽ നിലനിർത്തുന്നില്ല, അതിനാൽ സോളിഡ് പാസ്റ്റൽ നിറങ്ങളിൽ നൈലോൺ കുടകൾ നിർമിച്ചു. പോളിസ്റ്റർ ആക്സസറികളുടെ ഉൽപാദനത്തിനുള്ള പ്രധാന ഫാബ്രിക് ആണ്. ഇത് നൈലോണിനേക്കാൾ വളരെ വിശ്വസനീയമാണ്, പ്രായോഗികമായി ചുരുങ്ങുന്നില്ല, വേഗത്തിൽ വരണ്ടുപോകുന്നു. എന്നാൽ താഴികക്കുടത്തിന്റെ മെറ്റീരിയൽ കീറാതിരിക്കാൻ മെക്കാനിക്കൽ ആഘാതങ്ങൾ ഒഴിവാക്കി. ഒരു നിശ്ചിത അളവിലുള്ള കോട്ടൺ ഉള്ള പോളിസ്റ്റർ ആണ് പോംഗി.അത്തരം കുടകൾ ചെലവേറിയതാണ്, എന്നാൽ ഈ ആക്സസറിയുടെ സേവന ജീവിതം നീണ്ടതാണ്. മെറ്റീരിയൽ സ്പർശനത്തിന് കട്ടിയുള്ള കോട്ടൺ പോലെ തോന്നും. തുള്ളികൾ ആഗിരണം ചെയ്യാനും താഴേക്ക് ഒഴുകാനും സമയമില്ല. പോംഗി വളരെ വേഗം ഉണങ്ങുന്നു. വെറും 5 മിനിറ്റ് കൊണ്ട് കുട ഡ്രൈ ആകും. സാറ്റിൻ മെറ്റീരിയൽ ജലത്തെ അകറ്റുന്ന ഇംപ്രെഗ്നേഷൻ ഉപയോഗിച്ചാണ് ഉപയോഗിക്കുന്നത്. ഫാബ്രിക് ശക്തമാണ്, കീറാൻ വളരെയധികം പരിശ്രമിക്കും. നനഞ്ഞ ഉപരിതലം മിനിറ്റുകൾക്കുള്ളിൽ വരണ്ടുപോകുന്നു. ഒരു കുടയുടെ ഗുണനിലവാരം നിർണ്ണയിക്കുന്നത് താഴികക്കുടത്തിന്റെ മെറ്റീരിയൽ മാത്രമല്ല, ഫ്രെയിമും കൂടിയാണ്.
ചട്ടക്കൂടുകൾ പലവിധം
കുടയുടെ താഴികക്കുടം തണ്ടിൽ ഘടിപ്പിച്ചിരിക്കുന്ന സ്‌പോക്കുകളുടെ ഫ്രെയിമിൽ നീട്ടിയാണ് നിർമിക്കുക. എന്നാൽ ഈ രണ്ട് ഭാഗങ്ങളുടെയും മെറ്റീരിയൽ വ്യത്യസ്തമായിരിക്കാം. ഒരു കുടയിൽ സ്പോക്ക്സ് 4–16 പീസുകൾ ഉണ്ടാകും. സ്‌പോക്കുകൾ നിർമ്മിച്ചിരിക്കുന്നത് ഉരുക്ക് കൊണ്ടാണ്. കാറ്റിന്റെ പ്രവാഹങ്ങളെ നേരിടാൻ കഴിയുന്ന വിശ്വസനീയവും മോടിയുള്ളതുമായ ഘടനാപരമായ ഘടകങ്ങൾ അപൂർവ്വമായി തകരുന്നു. അത്തരം സംവിധാനങ്ങൾ നന്നാക്കാൻ കഴിയും. എന്നാൽ ഈ ലോഹം കുടക്ക് ഭാരം നൽകുന്നു. അലുമിനിയം. സൂചികൾ ഇതിനകം വളരെ ഭാരം കുറഞ്ഞവയാണ്, മാത്രമല്ല മൃദുവുമാണ്. അവ രൂപഭേദം വരുത്താനും തകർക്കാനും എളുപ്പമാണ്. ഇവ ഒതുക്കമുള്ളവയാണ്. മെറ്റീരിയൽ പ്ലാസ്റ്റിക്കിന് സമാനമാണ് ഫൈബർഗ്ലാസ്. പക്ഷേ പ്രത്യേക ശക്തിയും ഇലാസ്തികതയും ഉണ്ട്, അത് അവ്യക്തവും പ്രകാശവുമാക്കുന്നു. മുകളിലെ മെറ്റീരിയലുകളാൽ വടിയും സവിശേഷതയാണ്, പ്ലാസ്റ്റിക് മാത്രം ചേർക്കുന്നത് മൂല്യവത്താണ്. ആധുനിക ഡിസൈനുകളിൽ റൗണ്ട് അല്ലെങ്കിൽ പോളിഹെഡ്രൽ തണ്ടുകൾ ടെലിസ്കോപ്പിക് ആണ്, കൂടാതെ 2–5 ഭാഗങ്ങൾ അടങ്ങിയിരിക്കാം. അതിനാൽ മടക്കിയ കുട എളുപ്പത്തിൽ ബാഗിലിരിക്കും. വ്യത്യസ്ത തരം നെയ്റ്റിംഗ് സൂചികളുമായി സംയോജിപ്പിച്ച് ഉരുക്ക് വടികളാണ് ഏറ്റവും വിശ്വസനീയമായത്. തണ്ടും താഴികക്കുടവും ഉറപ്പിച്ച് ബന്ധിപ്പിച്ചിരിക്കണം.
വിപണികൾ വ്യത്യസ്തം
രൂപകൽപ്പന, ഉദ്ദേശ്യം, ലിംഗഭേദം, പ്രായം എന്നിവ അനുസരിച്ച് കുടകളെ തിരിച്ചിരിക്കുന്നു. കുടകൾ മടക്കാവുന്നതും വിചിത്രവുമായിരിക്കണം . വിചിത്രമായ കുടകൾക്ക് ഒരു നിശ്ചിത നീളമുള്ള നേരായ തണ്ടുണ്ട്. അവ ഒരു കുടചൂരലിന്റെ രൂപത്തിലും ഒരു സാധാരണ വിചിത്രമായ കുടയുടെ രൂപത്തിലും ലഭ്യമാണ്. മടക്കാവുന്ന കുടകൾക്ക് രണ്ടോ മൂന്നോ കൂട്ടിച്ചേർക്കലുകളിൽ ഒരു ദൂരദർശിനി വടി ഉണ്ടായിരിക്കും, ഒരു സംയുക്ത വടി, കൂടാതെ ഡിസൈൻ സവിശേഷതകൾ അനുസരിച്ച്, കുടകൾ ഒരു സമാന്തര സ്പോക്ക്, ഒരു ബ്രേക്കിംഗ് സ്പോക്ക്, ഒരു കൂട്ടം ക്വാഡ്രാങ്കിളുകൾ, ഒരു സംയോജിത സ്പോക്ക് എന്നിവ ഉപയോഗിച്ച് ആകാം. തുറക്കുന്ന സംവിധാനം അനുസരിച്ച്, മടക്കാവുന്ന കുടകൾ മെക്കാനിക്കൽ, സെമി-ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഓപ്പണിംഗ് മെക്കാനിസമുള്ള ഒരു കുടയ്ക്ക്, സ്റ്റെം ട്യൂബുകൾ നീട്ടി, ഒരു ബട്ടൺ അമർത്തി മുകൾഭാഗം പൂർണ്ണമായി തുറക്കുന്നു, സെമി-ഓട്ടോമാറ്റിക് ഓപ്പണിംഗ് മെക്കാനിസമുള്ള കുടകൾക്ക്, സ്റ്റെം ട്യൂബുകൾ ഒരു കൈ ചലനത്തിലൂടെ നീക്കി, മേലാപ്പ് തുറക്കുന്നു. മഴക്കുടകൾക്ക് താഴികക്കുടത്തിന്റെ ആകൃതിയും ജലത്തെ അകറ്റുന്ന വസ്തുക്കളാൽ നിർമ്മിച്ച ഒരു കവറും ഉണ്ട്.
ഉപയോഗത്തിൽ മലയാളികൾ മുന്നിൽ
കുട ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. തൊട്ട് പിന്നിൽ തമിഴ്‌നാടും. ലോകത്ത് ഏറ്റവും അധികം കുടകൾ നിർമ്മിക്കുന്ന ഫാക്ടറികൾ ഉള്ളത് ചൈനയിലാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലും . കുട നിർമാണത്തിന് ആവശ്യമായ കമ്പി , കെട്ടു കമ്പി, നൂൽ, തുണി, സൂചി തുടങ്ങിയവയെല്ലാം ഏറ്റവും കൂടുതൽ നിർമിക്കുന്നത് കൊൽക്കത്തയിലുമാണ്. വിപണി കീഴടക്കാൻ കുടയിലും വ്യത്യസ്ത രീതികളും സജീവമാണ്. മ്യൂസിക് കുട, സെൽഫിസ്റ്റിക് കുട, പോക്കറ്റിൽ പോലും വെക്കാൻ കഴിയുന്ന ചെറിയ കുട തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്. അതി മനോഹരങ്ങളായ ചിത്രങ്ങൾ നിറഞ്ഞ കുടകൾക്കും ആവശ്യക്കാരേറെ. കൂടാതെ തനിയെ തുറക്കാവുന്നതും അടക്കാവുന്നതുമായ കുടകളും സജീവം. സ്‌പൈഡർമാൻ, ബ്ലാക്ക് മാൻ തുടങ്ങിയ കാർട്ടൂണുകൾ ഉൾപ്പെട്ട കുടകളും വിപണിയിൽ സജീവം. മഴ നനയുമ്പോൾ നിറം മാറുന്ന കുടകളുമുണ്ട്. ലേഡീസ് , ജെൻസ് , കിഡ്സ് , ബീച്ച് , ഗാർഡൻ കുടകളും വിപണിയിൽ സജീവം .
തുണികൾ തായ്‌വാനിൽ നിന്ന്
കുട നിർമ്മിക്കുവാൻ പ്രധാനമായും തുണിയെത്തുന്നത് തായ്‌വാനിൽ നിന്ന്. ആവശ്യത്തിനുള്ള അളവിൽ ത്രികോണാകൃതിയിൽ മുറിച്ച് ആണ് തുണിയെത്തുന്നത്. മൂന്ന് മടക്കുള്ള കുടകൾക്ക് 8 ത്രികോണാകൃതിയിൽ ഉള്ള തുണികളാണ് ആവശ്യം. കമ്പികൾ മുംബൈയിൽ നിന്നും . കുടയുടെ കമ്പികൾ കൂടി ചേർന്ന ഭാഗമായ റിബ്സ് ആണ് ഇവയുടെ രൂപം നിർണയിക്കുക. ആറ് ചെറിയ കമ്പികളാണ് മൂന്ന് മടക്കുള്ള കുടയുടെ റിബ്‌സിൽ കൂടി യോജിപ്പിച്ചട്ടുള്ളത്. കുടയുടെ പിടിയടങ്ങുന്ന വലിച്ചു നീട്ടാവുന്ന മൂന്ന് പൈപ്പുകളിൽ ആയാണ് ട്യൂബ് നിർമിക്കുന്നത്. കുടയുടെ പിടിയാണ് മറ്റൊരു പ്രധാന ഭാഗം.വിസിലുള്ളതും സ്പ്രിങ് അടങ്ങിയതും കാലൻ കുടയുടെ പിടികളും മുംബൈയിൽ നിന്നാണ് എത്തുന്നത് .
മനസിലിടം നേടി ഫോറിൻ കുടകൾ
എൺപതുകളിൽ ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവർ കൊണ്ട് വരുന്ന പ്രധാന ഇനമായിരിന്നു ഫോറിൻ കുട. 3 മടക്കുള്ള ഇത്തരം കുടകളെ അത്ഭുതത്തോടെയാണ് ജനങ്ങൾ കണ്ടത്. വ്യത്യസ്ത നിറങ്ങളിൽ ഉള്ള കുടകൾ മലയാളികളുടെ മനസിലിടം നേടിയിരുന്നു . ലുങ്കിയും സ്‌പ്രേയും റെയ്ബാൻ കണ്ണടയും വാങ്ങുന്നതിന് മുൻപ് തന്നെ പ്രവാസികളായ മലയാളികൾ കുട വാങ്ങുമായിരിന്നു. കറുത്ത കുട മാത്രം പിടിച്ചു ശീലിച്ച മലയാളികൾക്ക് ഫോറിൻ കുട ഗമയുടെ അടയാളമായും മാറി. ഫോറിൻ കുടകളുടെ വരവോടെ മലയാളികളുടെ കുട നിർമാണത്തിലും മാറ്റം പ്രകടമായി.