പാകിസ്താനിലെ ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തൊയിബയുടെയും അംഗങ്ങള്‍ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. യോഗത്തില്‍നിന്നുള്ള ചില ഫോട്ടോകള്‍ ലഭിച്ചെന്ന് അവകാശപ്പെട്ട് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ബഹാവല്‍പുരിലെ ജെയ്‌ഷെ ആസ്ഥാനത്താണ് രണ്ട് ഭീകരസംഘടനകളിലെയും നിരവധി കമാന്‍ഡര്‍മാരടക്കം പങ്കെടുത്ത യോഗം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പാകിസ്താന്‍ ഭീകരസംഘടനകളായ ജെയ്‌ഷെയും ലഷ്‌കറെ തൊയിബയും സംയുക്തമായി പ്രവര്‍ത്തിക്കുന്നതായി നേരത്തേ ഇന്റലിജന്‍സ് മുന്നറിയിപ്പുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു ജെയ്‌ഷെ ആസ്ഥാനമായ ബഹാവല്‍പുര്‍. ഇവിടെവെച്ചാണ് ജെയ്‌ഷെ, ലഷ്‌കറെ അംഗങ്ങളുടെ വലിയ യോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി ജെയ്‌ഷെ കമാന്‍ഡര്‍ക്കൊപ്പമുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്‌ചെയ്തു.

