സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കാർഡിയോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഹൃദയത്തിന്റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ 15 ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം ടിയെ കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ ഐസിയുവില്‍ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.
മുഖ്യമന്ത്രി പിണറായി വിജയൻ എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എം ടിയുടെ മകൾ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.