Site iconSite icon Janayugom Online

പക്ഷിപ്പനിക്ക് ശമനമില്ല

bird flubird flu

ഹരിപ്പാട് കേന്ദ്രീകരിച്ച് പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് ശമനമില്ല. ചെറുതന ആയാപറമ്പ് പാണ്ടി പ്രദേശത്തെ പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. 6,987 താറാവുകളെയാണ് ഇന്നലെ കൊന്നൊടുക്കിയത്. മൂന്ന് ആർആർടികളാണ് പ്രവർത്തിച്ചത്.
പിപിഇ കിറ്റ് ധരിച്ച് മൃഗസംരക്ഷണ വിഭാഗം ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിങ്ങ് നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായതിന് ശേഷം പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീം എത്തി തിങ്കളാഴ്ച സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും.
ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി എസ് ബിന്ദു കള്ളിങ്ങ് ജോലികൾക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയ് കുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ. സന്തോഷ്, എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരും സ്ഥലത്തെത്തി. കള്ളിങ്ങ് നടപടികൾ പൂർത്തിയായതിന് ശേഷവും ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും.
അതേസമയം, ചേപ്പാട് പഞ്ചായത്തിലെ ഉള്ളിട്ട പുഞ്ചയിൽ താറാവുകൾ ചത്തതിന്റെ കാരണം പക്ഷിപ്പനിയല്ലെന്നാണ് പരിശോധന ഫലം. ഇ കോളി ബാക്ടിരീയയാണ് കാരണമെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിയന്ത്രണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.
ഇതിന് പ്രതിവിധിയായി ആന്റിബയോട്ടിക്കുകൾ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യുന്നുണ്ട്. വൃത്തിയില്ലാത്ത ചുറ്റുപാടിൽ താറാവുകൾ വളരുന്നതാണ് ഇ‑കോളി ബാക്ടീരിയ ബാധയുണ്ടാകാൻ കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. രോഗബാധിത മേഖലകളായ പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തകഴി, കരുവാറ്റ, ചെറുതന, വിയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ഇറച്ചി, മുട്ട എന്നിവയുടെ വിപണനവും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര തഹസിൽദാർമാർ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡും പ്രവർത്തിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: There is no cure for bird flu

You may also like this video

Exit mobile version