Site iconSite icon Janayugom Online

കാവുകളില്‍ ഇനി തെയ്യങ്ങളുടെ ചിലമ്പൊലി

ഉത്തര കേരളത്തിലെ കാവുകളിലും തറവാട്ടു മുറ്റങ്ങളിലും ഇനി തെയ്യങ്ങളുടെ ചിലമ്പൊലി. വീണ്ടുമൊരു തെയ്യക്കാലത്തെ വരവേൽക്കുന്ന ഒരുക്കത്തിലാണ് പേരാമ്പ്ര പാറക്കണ്ടി സനീഷ് പണിക്കർ. ഒൻപതാം വയസിൽ തെയ്യാട്ടിന് ഗന്ധർവൻ കോലത്തിന്റെ കൂടെ കന്നിയുടെ കോലത്തിന് മുഖത്ത് ചായം തേച്ചാണ് സനീഷ് പണിക്കരുടെ തുടക്കം. പതിനാലാം വയസിൽ വടക്കയിൽ പനാപ്പുറം ക്ഷേത്രത്തിൽ ഗുളികൻ ദൈവത്തിന്റെ വെള്ളാട്ട് കെട്ടി തലപ്പാളി അണിഞ്ഞു. തുടർന്നിങ്ങോട്ട് മുപ്പത് വർഷക്കാലമായി നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും ഭഗവതി, നാഗഭഗവതി, കാളി, ഗുരു, മാർപ്പുലി, കുട്ടിച്ചാത്തൻ കോലങ്ങൾ കെട്ടിയാടുകയാണ് സനീഷ് പണിക്കർ. നാളെ വടക്കയിൽ ക്ഷേത്രത്തിൽ ഗുളികൻ വേഷത്തിൽ ഇക്കൊല്ലത്തെ തെയ്യക്കേലങ്ങൾക്ക് തുടക്കമിടുമെന്ന് സനീഷ് പണിക്കർ പറഞ്ഞു. 

ചെണ്ട മേളത്തിനൊപ്പം ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ ചായില്യവും ചമയങ്ങളും ആടയാഭരണങ്ങളും അണിഞ്ഞ് കാവുകൾ കീഴടക്കുന്നതിന്റെ നിർവൃതിയാണ് സനീഷ് പണിക്കരിൽ നിറയുന്നത്. ഉത്തര കേരളത്തിലും കർണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമമായ തെയ്യം. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ തിറയെന്ന പേരിലാണ് അവതരിപ്പിക്കപ്പെടുന്നത്. 2023 ൽ വടക്കയിൽ പനാപ്പുറം ക്ഷേത്രം പട്ടും വളയും നൽകി സനീഷ് പണിക്കരെ ആദരിച്ചിട്ടുണ്ട്. 

മാനസികമായും ശാരീരികമായും നല്ല കരുത്തുണ്ടെങ്കിലേ തളരാതെ നിറഞ്ഞാടാൻ കഴിയുകയുള്ളുവെന്ന് ഇദ്ദേഹം പറയുന്നു. വ്രതശുദ്ധിയോടെയാണ് തെയ്യക്കോലമായി പകർന്നാടുന്നത്. പാരമ്പര്യത്തിന്റെയും ഗുരു കാരണവാൻമാരുടെയും അനുഗ്രഹത്തിലാണ് മുന്നോട്ടുള്ള യാത്രയെന്നും സനീഷ് വ്യക്തമാക്കുന്നു.
മുമ്പെല്ലാം തെയ്യങ്ങൾക്ക് ചുറ്റും ഭക്തർ മാത്രമായിരുന്നു ഉണ്ടാവാറുള്ളത്. സോഷ്യൽ മീഡിയ ശക്തമായതോടെ വലിയ തോതിൽ ആളുകൾ തെയ്യം കാണാനായി എത്തുന്നു. അനുഷ്ഠാന കലാരൂപമാണെങ്കിലും തെയ്യത്തിന്റെ തോറ്റങ്ങളിൽ പഴയകാല ചരിത്രം നിറഞ്ഞു നിൽക്കാറുണ്ട്. വിശ്വാസവും ചരിത്രവുമെല്ലാം ഇവിടെ കണ്ണി ചേരുന്നുണ്ട്. നടുവണ്ണൂർ വേലായുധനാശാന്റെ കീഴിൽ ചെണ്ടയും പുതിയ കാവിൽ കുഞ്ഞിരാമൻ ആശാന്റെ നേതൃത്വത്തിൽ മേളങ്ങളും തായമ്പകയും അഭ്യസിച്ചിട്ടുണ്ട്. പേരാമ്പ്ര പാറക്കണ്ടി കുനിയിൽ കണാരപ്പണിക്കരുടെയും ചിരുതേയി അമ്മയുടെയും ഇളയ മകനാണ് സനീഷ് പണിക്കർ. കേരളത്തിനകത്തും പുറത്തും ഒട്ടനവധി ക്ഷേത്രങ്ങളിൽ വാദ്യകലാകാരനായും തെയ്യ കോലാധാരിയായും അനുഷ്ഠാനത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയാണ് ഇദ്ദേഹം.

Exit mobile version