രാജസ്ഥാനിലെ എംഎൽഎമാരുടെ രാജിഭീഷണിയിൽ കടുത്ത അതൃപ്തി പരസ്യമാക്കിയ കോൺഗ്രസ് നേതാക്കൾ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്നു.
ഗെലോട്ട് പക്ഷക്കാരായി രാജി ഭീഷണിമുഴക്കിയത് എംഎൽഎമാരുടെ അച്ചടക്കമില്ലായ്മയാണെന്ന് രാജസ്ഥാനിലേക്ക് കേന്ദ്രനേതൃത്വം നിയോഗിച്ച നിരീക്ഷകസംഘം വിലയിരുത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കനെയും മല്ലികാർജുൻ ഖാർഗെയെയുമാണ് സോണിയാ ഗാന്ധി രാജസ്ഥാനിലേക്കയച്ചത്. ഇരുവരെയും നേരിൽക്കാണാൻ പോലും എംഎൽഎമാർ നിബന്ധന വച്ചത് കടുത്ത ധാർഷ്ട്യമാണെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു.
രാജസ്ഥാനിൽ സംഭവിച്ചത് യാദൃച്ഛികമായിരുന്നില്ലെന്നും ഹൈക്കമാന്റ് കരുതുന്നു. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്റ് തീരുമാനിച്ചപ്പോൾ മറ്റൊരു യോഗം ചേർന്ന് സച്ചിൻ പൈലറ്റിന് പിന്തുണയില്ലെന്ന് എംഎൽഎമാരെ കൊണ്ട് പറയിക്കുകയായിരുന്നു ഗെലോട്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റ് നിലപാട് കടുപ്പിച്ചത്. ഗെലോട്ടിന് പകരം മുകുൾ വാസ്‌നിക്, ദിഗ്‍വിജയ് സിങ് തുടങ്ങിയ പേരുകളിലേക്ക് ചർച്ചകൾ നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയെ വെട്ടിലാക്കിയ ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ വീട്ടിൽ വച്ച് അദ്ദേഹത്തിന്റെ സൗകര്യാർത്ഥം യോഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ സമാന്തര യോഗം ചേരുകയാണ് എംഎൽഎമാർ ചെയ്തത്. മാത്രമല്ല, എംഎൽഎമാർ മൂന്ന് നിബന്ധനകൾ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അജയ് മാക്കൻ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗം ഒക്ടോബർ 19നേ നടത്താവൂ എന്നതായിരുന്നു എംഎൽഎമാരുടെ ഒരു നിബന്ധന. പാർട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അതിന് മുമ്പേ കഴിയും. ഗെലോട്ട് അധ്യക്ഷനായാൽ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനത്തിന് സ്ഥാനമുണ്ടാകുമെന്നാണ് അവർ കണക്കുകൂട്ടിയത്. ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകരെ കാണാനാവില്ലെന്നും 2020ൽ വിമതനീക്കമുണ്ടായപ്പോൾ സർക്കാരിനെ പിന്തുണച്ച 102 പേരിൽ നിന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു അടുത്ത നിബന്ധനകൾ. അന്ന് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു വിമതനീക്കം ഉണ്ടായത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് ഏതു വിധേനയും തടയിടുകയാണ് ലക്ഷ്യം.
അതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് കോൺഗ്രസ് എംപി ശശി തരൂർ. പാലക്കാട് പട്ടാമ്പിയിലെത്തിയ തരൂർ രാഹുലുമായി ചർച്ച നടത്തി. നാലിൽ മൂന്ന് സംസ്ഥാനഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രമേ ഞാൻ പത്രിക നല്കുകയുള്ളൂവെന്നും കേരളത്തിലും ചില ഗ്രൂപ്പുകളിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും തരൂർ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
English Summary: There is no post of president, out of ghetto: Shashi Tharoor meets Rahul
You may like this video also