ലോകത്ത് പത്രസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും. ഈവര്‍ഷത്തെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 151-ാമതാണെന്നും 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടേഴ്സ് വീത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന. നോര്‍വേ, എസ്റ്റോണിയ, നെതര്‍ലാന്‍ഡ്സ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. രാഷ്ട്രീയം, സാമ്പത്തികം, നിയമനിര്‍മ്മാണം, സാമൂഹ്യം, സുരക്ഷ എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് അതത് രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യം വിലയിരുത്തുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമല്ലെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആനി ബൊക്കാന്‍ഡെ പറഞ്ഞു. ബിജെപിയും മാധ്യമങ്ങളില്‍ ആധിപത്യമുള്ള വലിയ കുടുംബങ്ങളും തമ്മില്‍ അതിശയകരമായ അടുപ്പമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തും വ്യവസായിയുമായ മുകേഷ് അംബാനിക്ക് എഴുപതിലധികം മാധ്യമ സ്ഥാപനങ്ങളുണ്ടെന്നും ഇവ കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാര്‍ പിന്തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് നടത്തിയ സംഘടന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2002 മുതല്‍ പത്രസ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്.
മോഡിയുടെ മറ്റൊരു വ്യവസായ സുഹൃത്ത് ഗൗതം അഡാനി 2022ല്‍ എന്‍ഡിടിവി ഏറ്റെടുത്തതോടെ മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരതയുടെ അവസാനത്തെ പ്രതീക്ഷയും അവസാനിച്ചതിന്റെ സൂചനയായി. സമീപ വര്‍ഷങ്ങളില്‍ ഭരണത്തെ താലോലിക്കുന്ന ഗോഡി മീഡിയയുടെ വളര്‍ച്ച കൂടിയിട്ടുണ്ട്. സമ്മര്‍ദ്ദത്തിലൂടെയും സ്വാധീനത്തിലൂടെയും ബഹുസ്വര മാധ്യമങ്ങളുടെ ഇന്ത്യന്‍ മാതൃക ചോദ്യം ചെയ്യപ്പെടുകയാണെന്നും റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യക്ക് 180 രാജ്യങ്ങളില്‍ 159-ാം റാങ്കും 2023ല്‍ 161-ാം സ്ഥാനവും ആയിരുന്നു. വളരെ ഗുരുതരമായ സാഹചര്യം വ്യക്തമാക്കുന്ന റാങ്കിങ്ങാണിത്. സമ്പന്നരായ രാഷ്ട്രീയക്കാര്‍ മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കേന്ദ്രീകരിക്കുന്നത് മാധ്യമ ബഹുസ്വരതയ്ക്ക് ഭീഷണിയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക വളരെ ദുഷ്കരമായ സാഹചര്യത്തിലാണെന്നും മാധ്യമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമായ പ്രധാന ഘടകം സാമ്പത്തിക സമ്മര്‍ദമാണെന്നും സംഘടന പറഞ്ഞു.

