Site iconSite icon Janayugom Online

ഹിമാചല്‍ നിയമസഭയില്‍ ഒരു വനിത മാത്രം

electionelection

ഹിമാചല്‍ പ്രദേശ് നിയമസഭയെ പ്രതിനിധീകരിക്കാന്‍ ഒരു വനിത മാത്രം. പാച്ചാട് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റീന കശ്യപാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ആകെ 412 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ 24 വനിതകളാണ് ജനവിധി തേടിയത്. ഇതില്‍ ആറു പേര്‍ ബിജെപി ടിക്കറ്റിലും മൂന്നു പേര്‍ കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് മത്സരിച്ചത്. ബാക്കിയുള്ളവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു.

ആറു തവണ എംഎല്‍എയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശാ കുമാരി ഡല്‍ഹൗസി മണ്ഡലത്തില്‍ 9918 വോട്ടിന് പരാജയപ്പെട്ടു. മുന്‍ എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശര്‍വീണ്‍ ചൗധരി ഷെഹ്പൂര്‍ സീറ്റില്‍ 12,243 വോട്ടിന് തോറ്റു. ഇവരെ കൂടാതെ, ബിജെപി ടിക്കറ്റില്‍ മത്സരിച്ച ശശിബാല (റോഹ്റു), മായ ശര്‍മ (ബാര്‍സ്), റീത ദേവി (ഇന്‍ഡോറ) എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടും. അതേസമയം പ്രധാനപ്പെട്ട 16 നിയമസഭാ മണ്ഡലങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. 

1967 ന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിലായി 43 തവണയാണ് വനിതകള്‍ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഒമ്പത് വനിതകള്‍ ഒന്നിലധികം തവണ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇതുവരെ നിയമസഭയില്‍ കാലെടുത്തുവച്ച വനിതകളുടെ എണ്ണം 20 മാത്രമാണ്. 1967 ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ വനിതാ സാന്നിധ്യം ഉണ്ടായിരുന്നില്ല.
ഗുജറാത്തിലും തെരഞ്ഞെടുപ്പ് രംഗത്ത് സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്. ഇത്തവണ 40 വനിതാ സ്ഥാനാര്‍ത്ഥികളെയാണ് വിവിധ പാര്‍ട്ടികള്‍ മത്സരിപ്പിച്ചത്. ബിജെപിയുടെ 17 വനിതാസ്ഥാനാര്‍ത്ഥികളില്‍ 14 പേരും വിജയിച്ചു. ഇവരില്‍ 2002ലെ നരോദ പാട്യ കലാപക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിയും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ വാവ് മണ്ഡലത്തില്‍ നിന്ന് ഗനിബെന്‍ ഠാക്കൂര്‍ വിജയിച്ചു. തെരഞ്ഞെടുപ്പില്‍ 14 സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: There is only one woman in the Himachal Leg­isla­tive Assembly

You may also like this video

Exit mobile version