സഹതാപ തരംഗമോ ഉമ്മന്‍ ചാണ്ടി തരംഗമോ അല്ല പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഇപ്പോഴുള്ളതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതില്‍ വേവലാതിയും അങ്കലാപ്പും ഇല്ല. താഴെ തലംവരെയുള്ള എല്ലാ സംഘടനാ മിഷനറികളും ഫലപ്രദമായി ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏതുസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാലും അതിനെ നേരിടാന്‍ എൽഡിഎഫും തയ്യാറാണ്. സ്ഥാനാര്‍ത്ഥിയെ പെട്ടെന്നുതന്നെ തീരുമാനിക്കും. സര്‍ക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കംവയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ഏറ്റവും ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും പുതുപ്പള്ളിയില്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുപ്പള്ളി തെരഞ്ഞെടുപ്പ് വികാരപരമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളിലുണ്ടെന്ന് വി ഡി സതീശനും പറഞ്ഞു. പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, സെപ്തംബറില്‍ തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സൂചന കിട്ടിയിരുന്നു. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കം ആരംഭിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും അന്ത്യോപചാരചടങ്ങുകളിലെ ആള്‍ക്കൂട്ടവുമാണ് കോണ്‍ഗ്രസ് വികാരപരമായി ഉയര്‍ത്തിക്കാട്ടി, സഹതാപതരംഗത്തിന്റെ സാധ്യത തേടുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടശേഷം ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
English Sammury: In Pudupally there is politics, no sympathy