Site icon Janayugom Online

പരിസ്ഥിതി സംവേദക മേഖല കേന്ദ്ര ഇടപെടല്‍ ഉണ്ടായേക്കും

പരിസ്ഥിതി ലോല മേഖലകളിലെ ബഫര്‍സോണ്‍ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായേക്കും. കേരളത്തിന്റെ ആശങ്കകള്‍ അറിയിച്ചുള്ള നിവേദനം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ കൈമാറി. കേന്ദ്രത്തില്‍ നിന്ന് അനുകൂല സമീപനമാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായതെന്ന് മന്ത്രി സൂചിപ്പിച്ചു.

കേരളം ഉയര്‍ത്തിയ ആശങ്കകള്‍ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ടു വയ്ക്കുന്നു. പരമോന്നത കോടതിയുടെ ഉത്തരവിനെതിരെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയുടെ ഉത്തരവിനെതിരെ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനും കേരളം തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കുന്ന കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രം വിസമ്മതിച്ചു. എന്നാല്‍ ബിജെപി ഭരണം നിലവിലുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി മുന്നോട്ടു വന്നാല്‍ കേന്ദ്രത്തിന് മുഖം തിരിക്കാനാകില്ല. 

കേരളത്തിലെ 22 ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിസരങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളുടെയും കൃഷിഭൂമികളുടെയും ഭൂപടങ്ങള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവു പ്രകാരം പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ കഴിയില്ല. 

Eng­lish Summary:There may be cen­tral inter­ven­tion in the envi­ron­men­tal sen­sor sector
You may also like this video

Exit mobile version