ഗുജറാത്തിലെ മോബി പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഇനിയും മൃതദേഹങ്ങള്‍ കണ്ടേക്കാമെന്ന് സംസ്ഥാന ഫയര്‍ സര്‍വ്വീസ് ചീഫ് എന്‍ കെ ബിഷ്ണോയി. ഏറ്റവും കുറഞ്ഞത് രണ്ട് മൃതദേഹങ്ങളെങ്കിലും കണ്ടേക്കാമെന്നും എന്നാല്‍ ഒട്ടനവധി പേര്‍ തങ്ങളുടെ ബന്ധുക്കളെ കാണാതായതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മച്ഛു നദിയില്‍ കൂടുതല്‍ സ്കൂബ ഡൈവര്‍മാരെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്താനുള്ള സോനാര്‍ സംവിധാനവും വിന്യസിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 135 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. 170 പേരെ രക്ഷപ്പെടുത്തി. 150 വര്‍ഷം പഴക്കമുള്ള പാലം നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത നാലാം ദിവസമാണ് ഒക്ടോബര്‍ 30ന് തകര്‍ന്നു വീണത്. അപകടമുണ്ടാകുമ്പോള്‍ മുന്നൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
“എത്രപേരെ കണ്ടെത്താനുണ്ടെന്ന് കാലം തെളിയിക്കും” എന്നാണ് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍ കെ മുച്ഛാര്‍ പ്രതികരിച്ചു. അവസാന നിമിഷം വരെയും തങ്ങള്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജന്ത ക്ലോക്കുകളുടെ നിര്‍മ്മാതാക്കളായ ഒരെവ ഗ്രൂപ്പാണ് പാലം അറ്റകുറ്റപ്പണിയുടെ കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവര്‍ മുന്‍സിപ്പാലിറ്റിയുമായുള്ള കരാര്‍ പാലിച്ചിരുന്നില്ല. എട്ട് മുതല്‍ 12 മാസം വരെ അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഏഴാം മാസം തന്നെ കമ്പനി പാലം തുറന്നുകൊടുത്തു. കമ്പനിയുടെ ഒമ്പത് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും എം.ഡി ജയ്ശുഖ്ഭായി പട്ടേലിനെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹമാണ് മുന്‍സിപ്പാലിറ്റിയുമായി കരാര്‍ ഒപ്പിട്ടത്.
English Summary: There may be more bodies in river 4 days after Gujarat’s Morbi bridge collapse
You may also like this video