ഗൗതം അഡാനിയെപ്പോലെ ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടുകയും വിവാദങ്ങളിൽപ്പെടുകയും ചെയ്ത മറ്റൊരു പേരുണ്ടാവില്ല. ഇപ്പോഴത്, ചങ്ങാത്തമുതലാളിത്തത്തിന്റെ പര്യായപ്പേരാണ്. വ്യവസായ — വാണിജ്യ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് വഴിവിട്ട ഏതുമാർഗവും സ്വീകരിക്കുന്നു എന്നിടത്തു മാത്രമല്ല അഡാനി വിവാദങ്ങളിൽ നിറയുന്നത്. ഡൽഹിയിലെ അധികാര ഇടനാഴികളിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യമാകെയും ലോകത്തിന്റെ പല ഭാഗങ്ങളിലും ലാഭസാമ്രാജ്യം കെട്ടിപ്പടുക്കുവാനും കുത്സിതമാർഗം സ്വീകരിക്കുവാനും മടിയില്ലാത്ത ഒരാളെന്ന നിലയിലും കുപ്രസിദ്ധനാണ്. വലിയ വ്യവസായ പാരമ്പര്യങ്ങളൊന്നുമില്ലാതിരുന്ന ഗുജറാത്തുകാരനായ അഡാനി, ചെറുസംരംഭങ്ങളിലൂടെ ആരംഭിക്കുകയും ഉദാരവൽക്കരണ നയങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ട് അത് വിപുലപ്പെടുത്തുകയും ചെയ്ത വ്യവസായിയാണ്. എങ്കിലും ഗുജറാത്തിൽ മുഖ്യമന്ത്രിയും പിന്നീട് 2014ൽ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നതോടെയാണ് അഡാനിയുടെ വ്യവസായ സാമ്രാജ്യം കുതിച്ചുചാട്ടം നടത്തിയതെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ ജീവിത നാൾവഴികൾ പരിശോധിച്ചാൽ അത് വ്യക്തമാകും. അഡാനിയുടെ ചരിത്രം വേറിട്ടതാകുന്നത് നിറയെ ദുരൂഹതകളും വഴിവിട്ട നീക്കങ്ങളും ക്രമക്കേടുകളും നിറഞ്ഞ വഴികളിലൂടെയാണ് സഞ്ചാരമെന്നതുകൊണ്ട് തന്നെയാണ്. ഒരുവേള, മോഡിയുമായുള്ള ചങ്ങാത്തത്തിലൂടെ നേട്ടമുണ്ടാക്കുന്നു എന്ന് മാത്രമല്ല നേരിട്ടുള്ള ഓഹരി പങ്കാളിത്തമുണ്ടെന്ന ആരോപണവും ഇരുവർക്കുമെതിരെ ഉയരുകയുമുണ്ടായി.
ലാഭേച്ഛയോടെ വ്യവസായ — വാണിജ്യ സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് അഡാനി ഏത് കുത്സിത മാർഗവും സ്വീകരിക്കുമെന്നതിന്റെ ഒടുവിലത്തെ തെളിവാണ് യുഎസിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) ക്കുവേണ്ടി വൈദ്യുതി വാങ്ങുന്നതിന് കരാർ സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് 2,000 കോടി രൂപയോളം കൈക്കൂലി നൽകിയെന്ന പരാതിയിൽ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അഡാനി ഗ്രീൻ എനർജി ലിമിറ്റഡ് ചെയർമാൻ ഗൗതം അഡാനി, എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അഡാനി തുടങ്ങി എട്ടുപേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടിയ നിരക്കിലുള്ള സൗരോർജം വാങ്ങുന്നതിന് വിസമ്മതിച്ച ഉദ്യോഗസ്ഥരെ കോഴ നൽകി സ്വാധീനിക്കുകയായിരുന്നു അഡാനിയും കൂട്ടരുമെന്നാണ് യുഎസ് കോടതിയിലുള്ള കേസിലെ കുറ്റാരോപണം. തെറ്റിദ്ധരിപ്പിച്ച് പണം സമാഹരിക്കൽ, കോഴയിടപാട് മറച്ചുവച്ച് കബളിപ്പിക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യൽ, ഓഹരി നിയമങ്ങളുടെ ലംഘനം, വ്യാജരേഖകൾ ചമച്ച് വായ്പ സമ്പാദിക്കൽ എന്നിങ്ങനെ അധാർമ്മികമായ നിരവധി കുറ്റങ്ങൾ അവർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും പദ്ധതികൾ നേടിയെടുക്കുന്നതിൽ മോഡിച്ചങ്ങാത്തം അദ്ദേഹത്തെ നന്നായി സഹായിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. വിദേശ വിനോദ സഞ്ചാരങ്ങളിൽ നരേന്ദ്ര മോഡി, വലംകയ്യായി കൊണ്ടുനടന്നിരുന്ന ഗൗതം അഡാനി ആ ബന്ധമുപയോഗിച്ചാണ് വിദേശങ്ങളിലെ വൻകിട വ്യവസായ — വാണിജ്യ കരാറുകൾ സംഘടിപ്പിച്ചെടുക്കുന്നത് എന്നത് യാഥാർത്ഥ്യമാണ്. തന്റെ സ്വതസിദ്ധമായ വളഞ്ഞവഴികളും ക്രമക്കേടുകളും തെറ്റിദ്ധരിപ്പിക്കലും അത്തരം ഘട്ടങ്ങളിലും അഡാനി ഉപേക്ഷിക്കുന്നില്ലെന്നത് മോഡിച്ചങ്ങാത്തം നൽകുന്ന ധൈര്യംകൊണ്ടുതന്നെയാണ്. യുഎസിൽ നിന്നുള്ള കേസിന്റെ വിവരങ്ങളാണ് പുറത്തുവന്നതെങ്കിലും മോഡി ഭരണത്തിലെ പ്രധാനവകുപ്പുമായി ബന്ധപ്പെട്ട കോഴ ഇടപാടാണ് വെളിപ്പെട്ടിരിക്കുന്നത്. മോഡി സർക്കാരിന്റെ പുനരുപയോഗ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എസ്ഇസിഐയുമായി ബന്ധപ്പെട്ട അഴിമതിയാണ് പുറത്തുവരുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ കോഴയാരോപണം നരേന്ദ്ര മോഡി സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
നേരത്തെയും അഡാനിയുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്. അപ്പോഴെല്ലാം അത് മൂടിവയ്ക്കുന്നതിനും അഡാനിയെ സംരക്ഷിക്കുന്നതിനുമുള്ള സമീപനങ്ങളാണ് മോഡിയും ബിജെപിയും സ്വീകരിച്ചിട്ടുള്ളത്. അതിന്റെയെല്ലാമൊപ്പമാണ് യുഎസിൽ അഡാനി കുറ്റവാളിയാണെന്ന വാർത്തകളുണ്ടായിരിക്കുന്നത്. നേരത്തെയും അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നതാണ്. ഹർഷദ് മേത്ത കുറ്റാരോപിതനായ ലക്ഷക്കണക്കിന് കോടി രൂപയുടെ ഓഹരി, 2ജി സ്പെക്ട്രം, വോട്ടിന് കോഴ എന്നിങ്ങനെ വൻകുംഭകോണങ്ങൾ വെളിപ്പെട്ടപ്പോൾ അന്വേഷണം നടത്തുന്നതിനെങ്കിലും അക്കാല ഭരണാധികാരികൾ തയ്യാറായിരുന്നു. ബിജെപി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മൺ കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒളികാമറയിലൂടെ പുറത്തായപ്പോഴും അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ അഡാനിക്കെതിരെ നിരന്തരം വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോഴും പ്രധാനമന്ത്രി മോഡി മൗനം പാലിക്കുന്നതും ബിജെപി നേതാക്കൾ ന്യായീകരണവുമായി രംഗത്തെത്തുന്നതും ഈ ആരോപണങ്ങളിൽ അവർക്കുകൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതിന് മതിയായ കാരണമാണ്. അതുകൊണ്ട് അഡാനിയുടെ ദുരൂഹമായ എല്ലാ ഇടപാടുകളും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വിധേയമാക്കണം. അത് സംയുക്ത പാർലമെന്ററി സമിതി അന്വേഷണമായിരിക്കുകയും വേണം.