Site iconSite icon Janayugom Online

ഉമാതോമസിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറി

uma thomasuma thomas

കോൺഗ്രസ്‌ ഐ, എ ഗ്രൂപ്പുകളുടെ എതിർപ്പ്‌ തള്ളി കെ സുധാകരൻ നിശ്‌ചയിച്ച ഉമതോമസ്‌തന്നെ സ്ഥാനാർഥിയായതോടെ എറണാകുളം ജില്ലയിലെ കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരുവനന്തപുരത്ത്‌ യോഗം ചേരുന്നതിന്‌ തൊട്ടുമുമ്പ്‌ യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷൻതന്നെ സ്ഥാനാർഥിക്കെതിരെ രംഗത്തുവന്നു. പരസ്യപ്രതികരണം ഒഴിവാക്കാൻ വൈകിട്ട്‌ ഉമ്മൻചാണ്ടി ഫോണിൽ വിളിച്ചെങ്കിലും ഡൊമിനിക്‌ വഴങ്ങിയിട്ടില്ലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അതിനിടെ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ എം ബി മുരളീധരനും സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്നു. വരുംദിവസങ്ങളിൽ കൂടുതൽപേർ രംഗത്തുവരുമെന്നാണ്‌ സൂചന.തൃക്കാക്കരയിലെ കോൺഗ്രസ്‌ സ്ഥാനാർഥിത്വം തെറ്റായ തീരുമാനമാണെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. മണ്ഡലത്തിലെ സജീവ പാർടി പ്രവർത്തകരെയും നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ ഉമ തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.താനുൾപ്പെടെ ഏഴ്‌ ജില്ലാ ഭാരവാഹികളും 11 മണ്ഡലം പ്രസിഡന്റുമാരുമായി നേതൃത്വം കൂടിയാലോചിച്ചില്ല. 40 പേരുമായി ചർച്ച നടത്തിയെന്നാണ്‌ പ്രതിപക്ഷനേതാവ്‌ പറയുന്നത്‌. ഇവരാരൊക്കെയാണെന്ന്‌ വ്യക്തമാക്കണം. സെമി കേഡർ പാർടിയെന്നാൽ മുകളിൽനിന്ന്‌ പറയുന്നത്‌ മുഴുവൻ അതേപടി അനുസരിക്കണമെന്നാണോ. സജീവപ്രവർത്തകർക്ക്‌ അർഹതപ്പെട്ടതാണ്‌ സ്ഥാനാർഥിത്വം. 48 വർഷമായി പ്രവർത്തിക്കുന്ന തന്നെപ്പോലുള്ളവരെ വിശ്വാസത്തിലെടുക്കാത്ത പ്രസ്ഥാനത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നും എം ബി മുരളീധരൻ ചോദിച്ചു.

പി ടി തോമസ്‌ തൃക്കാക്കരയിൽ ആദ്യമായി മത്സരിച്ചതുമുതൽ പാലാരിവട്ടത്ത്‌ പി ടി തോമസിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാറുള്ളത്‌ മുരളീധരനായിരുന്നു.മണ്ഡലത്തിൽനിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിയായ തന്നോടോ രണ്ട്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരോടോ 11 മണ്ഡലം പ്രസിഡന്റുമാരോടോ ആലോചിക്കാതെ ഉമ തോമസിനെ സ്ഥാനാർഥിയാക്കിയത്‌ അംഗീകരിക്കില്ലെന്നാണ്‌ എം ബി മുരളീധരൻ അഭിപ്രായപ്പെട്ടതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തങ്ങളുടെ സീറ്റ്‌ തന്റെ അക്കൗണ്ടിലാക്കുകയാണ്‌ സുധാകരൻ ചെയ്‌തതെന്നാണ്‌ തുടക്കംമുതൽ എ ഗ്രൂപ്പിന്റെ പരാതി. ജില്ലയിലെ നേതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തിക്കാനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മാത്രമേ ഉണ്ടാകൂ എന്ന്‌ എ ഗ്രൂപ്പ്‌ നേതാവും തൃക്കാക്കര മുന്‍ എംഎല്‍എയുമായ ബെന്നി ബഹനാൻ കെപിസിസി നേതൃയോഗത്തിൽ തുറന്നടിച്ചിരുന്നു.

തെരഞ്ഞെടുപ്പുകമ്മിറ്റി ചേരാതെ സ്ഥാനാർഥിയെ നിശ്‌ചയിച്ച രീതിയിൽ ഐ ഗ്രൂപ്പിലെ എംഎൽഎമാരും വനിതാ നേതാക്കളും കടുത്ത പ്രതിഷേധത്തിലാണെങ്കിലും തങ്ങളുടെ സീറ്റല്ലാത്തതിനാൽ പരസ്യപ്രതികരണത്തിനില്ല എന്ന നിലപാടിലാണവർ.ഐ ഗ്രൂപ്പിന്റെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം വിശ്വസ്‌തന്‌ നൽകിയ വി ഡി സതീശന്റെ നിലപാടിൽ പഴയ ഐ ഗ്രൂപ്പ്‌ നേതാക്കൾ നേരത്തേതന്നെ കടുത്ത പ്രതിഷേധത്തിലാണ്‌. ജെബി മേത്തറിനെ രാജ്യസഭാ സീറ്റിലേക്ക്‌ പരിഗണിച്ചതിൽ എതിർപ്പുള്ള ജില്ലയിലെ മഹിളാ കോൺഗ്രസ്‌ നേതാക്കളും ഡൊമിനിക്‌ പ്രസന്റേഷന്റെ പരസ്യപ്രതിഷേധത്തിന്‌ രഹസ്യമായി പിന്തുണ നൽകിയിരുന്നു.കുടുംബവാഴ്‌ചയ്‌ക്ക്‌ പി ടി തോമസ്‌ എതിരായിരുന്നു എന്ന്‌ ആഴ്‌ചകൾക്കുമുമ്പ്‌ പരസ്യമായി പറഞ്ഞ ഡൊമിനിക്‌ പ്രസന്റേഷൻ ‘സഹതാപംമാത്രം നോക്കിയാൽ പോരാ; സാമുദായികസമവാക്യവും നോക്കണം’ എന്നാണ്‌ സ്ഥാനാർഥിയെ തീരുമാനിച്ച ദിവസം പ്രതികരിച്ചത്‌.

തൃക്കാക്കരയിൽ സഹതാപംകൊണ്ട്‌ ജയിക്കാനാകില്ലെന്ന്‌ യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷൻ. രാഷ്ട്രീയനിലപാടുകൾ ചർച്ചചെയ്യുന്ന തൃക്കാക്കരയില്‍ സാമുദായികസമവാക്യം പരിഗണിച്ചില്ലെങ്കിൽ വിപരീതഫലം വരും. സ്ഥാനാർഥിനിർണയത്തെപറ്റി വാർത്തകൾക്കപ്പുറം അറിവില്ല. കെ വി തോമസ്‌ നിലവിൽ എഐസിസി അംഗമാണ്‌. ഉപതെരഞ്ഞെടുപ്പായതിനാൽ ഒരാൾ മാറിയാൽപ്പോലും ഫലത്തെ ബാധിക്കും. ആരെയും പിണക്കാതെ ഒരുമിച്ചുനിർത്തിയാൽ ജയിക്കാനാകുമെന്നും ഡൊമിനിക്‌ പ്രസന്റേഷൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ യോ​ഗത്തിന് തൊട്ടുമുമ്പായിരുന്നു മുൻമന്ത്രിയായ ഡൊമിനിക്‌ പ്രസന്റേഷന്റെ പ്രതികരണം. 

പി ടി തോമസ്‌ എന്നും കുടുംബവാഴ്‌ചയ്‌ക്ക്‌ എതിരായിരുന്നുവെന്ന്‌ ആഴ്‌ചകൾക്കുമുമ്പ്‌ ചാനൽ ചർച്ചയിലും ഡൊമിനിക്‌ പറഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട്‌ ആലോചിക്കാതെ സ്ഥാനാർഥിയെ നിശ്‌ചയിക്കരുതെന്നും അന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എ ഗ്രൂപ്പിന്റെ സിറ്റിങ്‌ സീറ്റ്‌ ഗ്രൂപ്പുനേതാക്കളുമായി ആലോചിക്കാതെ കെ സുധാകരനും വി ഡി സതീശനും തട്ടിയെടുക്കുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ്‌ ഈ പ്രതികരണങ്ങൾ. യുഡിഎഫിന്‍റെ യോഗം ചേരാനിരിക്കെ പൊട്ടിത്തെറികള്‍ ശക്തമായിരിക്കുകയാണ് 

Eng­lish Summary:There was a huge explo­sion in the Con­gress against the can­di­da­ture of Uma Thomas

You may also like this video:

Exit mobile version