Site iconSite icon Janayugom Online

കോണ്‍ഗ്രസ് നേതൃയോഗത്തിലും പരിഹാരമായില്ല; കുഴഞ്ഞുമറിഞ്ഞ് പുനഃസംഘടന

നിരവധി തവണ അന്ത്യശാസനങ്ങള്‍ നല്‍കിയിട്ടും എങ്ങുമെത്താതെ കോണ്‍ഗ്രസ് പുനഃസംഘടന. പട്ടിക കൈമാറാനുള്ള അന്തിമ സമയം പല തവണ കെപിസിസി നീട്ടി നല്‍കിയെങ്കിലും ഭൂരിഭാഗം ജില്ലകളിലും തര്‍ക്കം രൂക്ഷമായി തുടരുകയാണ്. പുനഃസംഘടന അനിശ്ചിതമായി നീളുന്നതിനിടെ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി.
അതേസമയം, മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിക നല്‍കിയില്ലെങ്കില്‍ പട്ടിക സ്വയം തയ്യാറാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഭീഷണി മുഴക്കി.
കെപിസിസി ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ നാല് ജില്ലകളില്‍ നിന്നുള്ള ലിസ്റ്റ് മാത്രമാണ് കെപിസിസിക്ക് ലഭിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ നിന്നുള്ള ഭാരവാഹികളുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കെ സുധാകരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ജില്ലകളിലും പട്ടികയ്ക്ക് ഏകദേശ രൂപം പോലും ആയിട്ടില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഭാരവാഹി സ്ഥാനങ്ങള്‍ വീതം വച്ചെടുക്കുന്നുവെന്നും മറ്റ് ഗ്രൂപ്പുകളെ അപ്രസക്തമാക്കുന്നുവെന്നുമാണ് നേതാക്കളുടെ പരാതി. പുനഃസംഘടനാ നടപടികള്‍ക്കെതിരെ എം കെ രാഘവനും കെ മുരളീധരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയിലുള്‍പ്പെടെ നേതാക്കള്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും, ജില്ലകളില്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള തര്‍ക്കവും പ്രതിഷേധവും തുടരുകയാണ്. 

പുനഃസംഘടനാ നടപടികള്‍ വൈകുന്നത് കെപിസിസി അധ്യക്ഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ വിമര്‍ശനമുയര്‍ത്തി. വര്‍ക്കിങ് പ്രസിഡന്റായ തന്നോട് പോലും കൂടിയാലോചനകള്‍ നടത്തുന്നില്ല. ചർച്ചകൾ കൂടാതെയാണ് പട്ടിക തയ്യാറാക്കുന്നതെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. റായ്പൂർ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍, എഐസിസി നല്‍കിയിട്ടുള്ള സംവരണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പുനഃസംഘടനാ നടപടികളെന്ന് കെ സുധാകരന്‍ മറുപടി നല്‍കി. പുനഃസംഘടന വൈകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ യോഗത്തിനു ശേഷം കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഭാരവാഹികളുടെ പട്ടിക നല്‍കാന്‍ ബാക്കിയുള്ള ജില്ലകള്‍ എത്രയും വേഗം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: There was no solu­tion in the Con­gress lead­er­ship meet­ing either; Con­fu­sion and reorganization

You may also like this video

Exit mobile version