Site iconSite icon Janayugom Online

കുവൈറ്റിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങളുണ്ടാകും; മുബാറക് അൽ-കബീർ തുറമുഖ പദ്ധതി യാഥാർത്ഥ്യമാകുന്നു

കുവൈറ്റിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന മിന മുബാറക് അൽ-കബീർ തുറമുഖത്തിന്റെ നിർമ്മാണത്തിനായി കുവൈറ്റും ചൈനയും തമ്മിൽ കരാർ ഒപ്പിട്ടു. ബൂബിയാൻ ദ്വീപിൽ നിർമ്മിക്കുന്ന കൂറ്റൻ തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. കുവൈറ്റിന് വേണ്ടി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാനും ചൈനീസ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടി ഡെപ്യൂട്ടി ചെയർമാൻ ചെൻ സോങ്ങും കരാറിൽ ഒപ്പുവെച്ചു. 

കുവൈറ്റും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ തെളിവാണ് ഈ കരാറെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. പരസ്പര വിശ്വാസത്തിലും രാഷ്ട്രീയ ബഹുമാനത്തിലും അധിഷ്ഠിതമായ ഈ തന്ത്രപരമായ പങ്കാളിത്തം രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തേകും. സമുദ്ര ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ കുവൈറ്റിനെ ഒരു അന്താരാഷ്ട്ര ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. നൂറ അൽ-മഷാൻ പറഞ്ഞു. 

രാജ്യത്തെ നിലവിലുള്ള തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഈ പുതിയ പദ്ധതി സഹായകരമാകും. കുവൈറ്റ് അമീറിന്റെ ഭരണനേട്ടങ്ങളുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ കരാർ എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഒട്ടേറെ പ്രവാസികൾക്ക് ജോലിസാധ്യത നൽകുന്നതാണ് കുവൈറ്റിലെ മുബാറക് അൽ കബീർ പോർട്ട് പദ്ധതി എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശാവഹമാണ്.

Exit mobile version