Site iconSite icon Janayugom Online

ആദിത്യനാഥിന് മറുപടി; കര്‍ഷകര്‍ക്കിടയില്‍ മതധ്രുവീകരണം നടക്കില്ലെന്ന് രാകേഷ് ടികായത്ത്

ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ മതധ്രുവീകരണം നടക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ തെരഞ്ഞെടുപ്പില്‍ അവര്‍ അനുകൂലിക്കൂ. കര്‍ഷകര്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുപിയില്‍ അവരുടെ വിളകള്‍ക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നത്. കൂടാതെ അമിത വൈദ്യുതി ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു എന്നും ടികായത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, വിലക്കയറ്റം എന്നിവയാണ്. എന്നാല്‍ ജിന്നയെയും പാകിസ്ഥാനെയും കുറിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്തി ഹിന്ദുമുസ്‌ലിം വോട്ടര്‍മാര്‍ക്കിയില്‍ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരിക്കും ലഭിക്കാന്‍ പോകുന്നതെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ജിന്നയെ ആരാധിക്കുന്നവരും പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരുമാണെന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കാണ് ടികായത്തിന്റെ മറുപടി. അതേസമയം താനൊരു രാഷ്ട്രീയക്കാരനല്ലെന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അകന്നു നില്‍ക്കുന്ന ആളാണെന്നും കർഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് തുടരുമെന്നും ടികായത്ത് പറഞ്ഞു.

Eng­lish Summary:There will be no reli­gious polar­i­sa­tion among farm­ers, Rakesh Tikait

You may like this video also

Exit mobile version